കിന്‍ഫ്ര പാര്‍ക്കില്‍ 700 പേര്‍ക്ക് തൊഴില്‍: മന്ത്രി
രാമനാട്ടുകര: കിന്‍ഫ്രയുടെ നിര്‍ദിഷ്ട അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്കില്‍ പ്രത്യക്ഷമായി 700 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. രാമനാട്ടുകരയില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് കിന്‍ഫ്ര രാമനാട്ടുകരയില്‍ ആദ്യഘട്ടമായി നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐ.ടി, ഐ.ടി അധിഷ്ഠിത വ്യവസായത്തിനാണ് പ്രധാനമായും സ്ഥലം അനുവദിക്കുക. ഐ.ടി ഇതരവ്യവസായങ്ങളും പരിഗണിക്കും. കെട്ടിടത്തിന്റെ പദ്ധതി ചെലവ് ഏകദേശം 45 കോടി രൂപയാണ്. 18 മാസക്കാലം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിച്ച് നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കേരള സോപ്‌സ് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. ചടങ്ങില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷനായി. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സന്‍ പി.കെ സജ്‌ന, കൗണ്‍സിലര്‍ എം. മനോജ്കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ വേലായുധന്‍ പന്തീരാങ്കാവ്, മുഹമ്മദാലി കല്ലട, രാജേഷ് നെല്ലിക്കോട്, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, ശിവദാസന്‍, അലി പി. ബാവ, എ.എം ഷാജി സംസാരിച്ചു. കിന്‍ഫ്ര എം.ഡി വിങ് കമാന്‍ഡര്‍ (റിട്ട.) കെ.എ സന്തോഷ്‌കുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."