ഫസല്‍ വധം: കോടതി വിധി വഴിതുറക്കുന്നത് നിയമ പോരാട്ടത്തിലേക്ക്
തലശ്ശേരി: തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ലെന്ന സി.ബി.ഐ കോടതിയുടെ സുപ്രധാനമായ വിധി വീണ്ടും നിയമ പോരാട്ടത്തിനു വഴിവയ്ക്കുമെന്ന് ഉറപ്പായി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ അബ്ദുല്‍സത്താര്‍ നല്‍കിയ ഹരജി പരിഗണിച്ച എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണു തുടരന്വേഷണമെന്ന ആവശ്യം തള്ളിയത്. ഇതു സി.പി.എം നേതൃത്വത്തിനേറ്റ കനത്ത പ്രഹരം കൂടിയായി മാറി.
പുനരന്വേഷണമെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സി.ബി.ഐ കോടതിക്കു മുന്നിലെത്തിച്ചതു ഫസലിന്റെ സഹോദരനാണെങ്കിലും ഇതിനു സര്‍വ പിന്തുണയും നല്‍കിയിരുന്നതു സി.പി.എം നേതൃത്വമായിരുന്നു. ഫസല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള കാരായിമാരുടെ മോചനത്തിനായി സി.പി.എം പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിച്ചതിനിടെ വന്ന കോടതിവിധി പാര്‍ട്ടി നേതൃത്വത്തിന് ഇരുട്ടടിയായി.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷിന്റെ കുറ്റസമ്മത മൊഴിയില്‍ പിടിച്ചാണു സി.പി.എം നിയമ പോരാട്ടത്തിനിറങ്ങിയത്. ഒരാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും സുബീഷിന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നും സി.ബി.ഐ കോടതി വിലയിരുത്തുകയായിരുന്നു.
ഫസല്‍ കേസില പ്രതികളുമായി കൂട്ടുചേര്‍ന്നു ഹരജിക്കാരന്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അബ്ദുല്‍സത്താര്‍ സി.പി.എം പ്രവര്‍ത്തകനാണെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ വാദം നിരത്തിയിരുന്നു. ഈ വാദം പരിഗണിച്ച് തന്നെയാണു കോടതി തുടരന്വേഷണമെന്ന ആവശ്യം തള്ളിയതും.
വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍സത്താര്‍. ഇദ്ദേഹത്തിനു പിന്തുണയുമായി മറ്റൊരു സഹോദരന്‍ അബ്ദുല്‍ റഹ്മാനുമുണ്ട്. എന്നാല്‍, ഫസലിന്റെ സഹോദരി റംലയും ഭാര്യ സി.എച്ച് മറിയുവും തുടരന്വേഷണം വേണ്ടെന്ന സി.ബി.ഐ കോടതി വിധിയില്‍ സംതൃപ്തരാണ്. ഹരജി കോടതി തള്ളിയതില്‍ ഏറെ സന്തോഷമുണ്ടെന്നു ഭാര്യ മറിയു സുപ്രഭാതത്തോടു പറഞ്ഞു.
ഫസല്‍ വധക്കേസില്‍ വിധി അനുകൂലമായതോടെ സുബീഷിനെ പീഡിപ്പിച്ച് കള്ള മൊഴിയെടുത്തെന്ന പരാതിയുമായി ആര്‍.എസ്.എസ് നേതൃത്വം നിയമനടപടി ശക്തമാക്കാനുള്ള തയാറെടുപ്പിലാണ്. ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ക്കെതിരേ സി.ബി.ഐ ഡയരക്ടര്‍ക്കു സുബീഷ് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."