കാഞ്ഞിരപ്പുഴ ഉദ്യാനം പുതുമോടിയില്‍ അണിഞ്ഞൊരുങ്ങുന്നു
കാഞ്ഞിരപ്പുഴ : ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മാങ്ങമുതല്‍ തണ്ണിമത്തന്‍ വരെയുള്ളവയുടെ രൂപത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി പുതുമയേകുന്നു. മാങ്ങ, ആപ്പിള്‍, തണ്ണിമത്തന്‍, മത്തങ്ങ മുതലുള്ള വര്‍ണശബളമായ ഇരിപ്പിടങ്ങളാണ് ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. പഴങ്ങളുടെ അതേനിറവും രൂപഭംഗിയും കൂടിയാകുമ്പോള്‍ ആകര്‍ഷണിയതയും ഏറെയാണ്.
സഞ്ചാരികള്‍ക്ക് ആപ്പിളിലും തണ്ണിമത്തനിലുമെല്ലാം പിടിക്കുകയും ചെയ്യാം.ഉദ്യാനത്തില്‍ മൂന്നുകോടി രൂപയുടെ നിര്‍മാണ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മറ്റു ഉദ്യാനങ്ങളെയും പാര്‍ക്കുകളെയും അപേക്ഷിച്ച് വേറിട്ട കാഴ്ചകളാണ് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കുന്നത്. അടുത്തിടെ പുതുക്കിപണിത മലമ്പുഴ ഡാമില്‍നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് കാഞ്ഞിരപ്പുഴയില്‍ ഒരുങ്ങുന്നത്. കുളത്തിന്റെ നവീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനു പുറമേ ചുറ്റും ആധുനിക രീതിയിലുള്ള കൈവരിനിര്‍മാണം, വാട്ടര്‍ സ്‌പ്രേ എന്നിവയും ഒരുക്കുന്നുണ്ട്. ഇതു കാണികള്‍ക്ക് ഏറെ ആനന്ദം നല്കുന്ന കാഴ്ചയാണ്. ഇതിനോടു ചേര്‍ന്ന് സ്വിമ്മിംഗ് പൂളിന്റെ നിര്‍മാണവും നടക്കുന്നു.
കുട്ടികള്‍ക്ക് കളിക്കാവുന്ന രീതിയിലാണ് ഇവ തയാറാക്കുന്നത്. ഇതിനു പുറമേ പതിനഞ്ചോളം ഇരിപ്പിടങ്ങളും കൂടാരങ്ങളും തയാറാകുന്നു. ഉദ്യാനത്തില്‍ ഒന്നാകെ വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. ഉദ്യാനത്തില്‍ ഉടനീളമുള്ള നടപ്പാതയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ആധുനികരീതിയില്‍ നടപ്പാത ടാര്‍ ചെയ്യും.
കോടികള്‍ മുടക്കിയുള്ള നിര്‍മാണപ്രവൃത്തികളില്‍ വിനോദസഞ്ചാരികളും പ്രദേശവാസികളും ഏറെ പ്രതീക്ഷയിലാണ്. പുതിയ പദ്ധതികള്‍പ്രാവര്‍ത്തികമാകുന്നതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ സമ്പൂര്‍ണ വികസനമാണ് നടപ്പിലാകുക. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനിടയിലാണ് ഇത്രയും വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ ഉദ്യാനം വേദിയാകുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. ഏതാനും മാസങ്ങള്‍കൊണ്ടുതന്നെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുഖച്ഛായ മാറി വിനോദസഞ്ചാരത്തിനായി പുതിയ കിളിവാതില്‍ ഒരുക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."