പാലായിലെ ബി.ജെ.പി വോട്ട് മറിക്കല്‍: സംസ്ഥാന നേതൃത്വത്തിനും പങ്കെന്ന് ബിനു പുളിക്കകണ്ടം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വേണ്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വോട്ട് മറിച്ച ഇടപാടില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി വിജയസാധ്യത കുറഞ്ഞ എന്‍. ഹരിയെ നിയോഗിച്ചത് ഇതിനു തെളിവാണെന്നും ബിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5,000 വോട്ട് യു.ഡി.എഫിന് നല്‍കാമെന്ന ധാരണയുണ്ടാക്കി. ഹരി പണം വാങ്ങിയാണ് വോട്ട് മറിച്ചതെന്നും ബിനു സൂചിപ്പിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയായിരുന്നു കച്ചവടം. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പിയുടെ സാന്നിധ്യം മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സ്ഥാനാര്‍ഥി മുഖ്യശത്രുസ്ഥാനത്ത് ഇടതുപക്ഷത്തെ മാത്രം നിര്‍ത്തി. വോട്ടുകച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണെന്ന് ബിനു ആരോപിച്ചു. എന്‍. ഹരി തനിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞിട്ടില്ല. എല്‍.ഡി.എഫിനെതിരേ പ്രചാരണം നടത്തി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന സന്ദേശമാണ് ഹരി നല്‍കിയത്.
കേരള കോണ്‍ഗ്രസിലെ ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്. സംഭവം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. നേതൃത്വം ആവശ്യപ്പെടുമ്പോള്‍ തെളിവ് കൈമാറും. ഈ മാസം നാലിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്ക് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചതായി കത്ത് നല്‍കിയിരുന്നുവെന്നും ബിനു വ്യക്തമാക്കി.
പാലാ അരമനയുടെ മുന്നിലൂടെ ഹിന്ദുത്വ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രകടനം പ്രകോപനം സൃഷ്ടിക്കാനായിരുന്നു. പാലായിലെ ബി.ജെ.പിയില്‍നിന്ന് ഇനിയും കൂടുതല്‍ പേര്‍ രാജിവച്ചേക്കും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഹരി വോട്ടുമറിച്ചിരുന്നതായി ബിനു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."