റിയാസ് മൗലവി വധം: അഡ്വ. എം. അശോകന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
കാസര്‍കോട്: പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്റസാധ്യാപകനുമായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എം. അശോകനെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പഴയ ചൂരി മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സര്‍ക്കാരിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഉത്തരവ്. മറ്റു ചില സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് ലഭിച്ചു.
സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പ്രത്യേക അന്വേഷണ സംഘവും കോഴിക്കോട് വച്ച് കേസിനെ കുറിച്ച് ചര്‍ച്ച നടത്തി. കഴിഞ്ഞ മാര്‍ച്ച് 21നാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡെയിലെ നിതിന്‍ (19), കേളുഗുഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."