പാലാരിവട്ടം പാലം ഗതാഗതയോഗ്യം, പൊളിച്ചുമാറ്റരുതെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ
കൊച്ചി: പാലാരിവട്ടം പാലം ഗതാഗതയോഗ്യമാണെന്നും പൂര്‍ണമായി പൊളിച്ചു കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി.എ.ഐ). പാലം പൊളിച്ചു കളയണമെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. നിര്‍ദേശിച്ച പരിഹാര മാര്‍ഗങ്ങള്‍ ചെയ്തശേഷം പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്നാണ് ഐ.ഐ.ടി പറഞ്ഞിട്ടുള്ളത്. മൂന്നു വര്‍ഷത്തെ വാറന്റി ഉള്ളതിനാല്‍ ഇക്കാലയളവില്‍ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും തകരാറുകളും പരിഹരിക്കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണ്. പാലത്തിനു ബലക്കുറവോ നിര്‍മാണ ന്യൂനതകളോ ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ മാനദണ്ഡങ്ങളും കോഡുകളും നിലവിലുണ്ടെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കാതെ ലോഡ് ടെസ്റ്റ് നടത്താന്‍ അസോസിയേഷന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. 13 ഗാര്‍ഡറുകളില്‍നിന്ന് മൂന്ന് കോണ്‍ക്രീറ്റ് കോര്‍ സാംപിളുകള്‍ വീതം ശേഖരിച്ച് ഐ.ഐ.ടി നടത്തിയ പരിശോധനയില്‍ 80 ശതമാനവും പോസിറ്റീവ് ആയിരുന്നുവെന്നു മാത്രമല്ല മാനദണ്ഡങ്ങള്‍ പാലിച്ചാണു നിര്‍മാണമെന്ന് വ്യക്തമാക്കുന്നതുമാണ്. പതിമൂന്നില്‍ ഒന്‍പത് സാംപിളുകളും പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തെളിയിക്കുകയും ചെയ്തു. നാല് ഗാര്‍ഡറുകളില്‍ മാത്രമാണ് നേരിയ ന്യൂനതകള്‍ കണ്ടെത്തിയത്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് പാലം അപകടാവസ്ഥയിലാണെന്ന നുണപ്രചാരണം നടത്തുന്നത്.
നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസ് തന്നെയാണ് 2016ല്‍ പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസത്തിനകം ടെക് ജോയിന്റിലെ ന്യൂനത കണ്ടുപിടിച്ചതും റിപ്പോര്‍ട്ട് ചെയ്തതും. ഐ.ഐ.ടി മദ്രാസിലെ റിട്ട. പ്രൊഫ. ഡോ. അരവിന്ദിന്റെ അംഗീകാരത്തോടുകൂടി, ന്യൂനതകള്‍ പരിഹരിക്കുന്നതിന് അനുവദിക്കണം എന്നാവശ്യപ്പെട്ടതും ആര്‍.ഡി.എസ് തന്നെയാണ്. രണ്ടു വര്‍ഷം ഇതില്‍ തീരുമാനം എടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ് ചെയ്തത്. സുതാര്യമായ ടെന്‍ഡര്‍ നടത്താതെ ഊരാളുങ്കലിനെ പാലം പൊളിച്ചുപണിയാന്‍ ഏല്‍പ്പിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ബി.എ.ഐ ഭാരവാഹികള്‍ വ്യക്തമാക്കി. അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ്, ചന്ദ്രമോഹനന്‍, എം.വി ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."