കൊട്ടിയൂരില്‍ തീപിടിത്തം; മൂന്നു കൈയാലകള്‍ കത്തിനശിച്ചു
കൊട്ടിയൂര്‍ (കണ്ണൂര്‍): വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ഭാഗമായ അക്കരെ കൊട്ടിയൂരില്‍ തീപിടിത്തത്തില്‍ മൂന്നു കൈയാലകള്‍ പൂര്‍ണമായും ഒന്ന് ഭാഗികമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താല്കാലിക ദേവസ്വം ജീവനക്കാര്‍ മര്‍ദിച്ചു.
പടിഞ്ഞാറെ നടയ്ക്കു സമീപത്തുള്ള ആക്കല്‍, പൂവന് നമ്പീശന്, കുളങ്ങരേത്ത് എന്നീ കൈയാലകള്‍ പൂര്‍ണമായും തിട്ടയില്‍ കൈയാല ഭാഗികമായുമാണ് കത്തി നശിച്ചത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാണെന്നു സംശയിക്കുന്നു. കൂടുതല്‍ ഭാഗത്തേക്കു തീ പടരാതെ അവസരോചിതമായി ജീവനക്കാരും ഭക്തരും ഇടപ്പെട്ട് തീയണച്ചു. അക്കരെ ക്ഷേത്രത്തിലെ കൈയാലകള്‍ മുഴുവന്‍ തെങ്ങോല കൊണ്ടാണു മേയുന്നത്. ഇതു തീ പെട്ടെന്നു പടര്‍ന്നു പിടിക്കാന്‍ കാരണമായി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഹൈവിഷന്‍ പ്രാദേശിക ചാനല്‍ ലേഖകന്‍ കെ. ദീപു (32), സഹായി ധോനിഷ് ചാക്കോ (28) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തം കാമറയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദിക്കുകയും കാമറ പിടിച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു.
തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പിഴവുകള്‍ പരിഹരിക്കുമെന്നും കത്തിയ കൈയാലകള്‍ ഇന്ന് ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്നും ദേവസ്വം ചെയര്മാന് ടി. ബാലന് നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."