കണ്ണൂരിന്റെ 'ഹെലന്‍ കെല്ലര്‍ക്ക്' അഭിനന്ദനങ്ങളുമായി മന്ത്രി
കണ്ണൂര്‍: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പരിമിതികളെ മറികടന്ന് ജീവിതത്തില്‍ പുതുവസന്തം തീര്‍ക്കുന്ന തലശ്ശേരി പൊന്ന്യത്തെ സിഷ്‌ന ആനന്ദിനും മാതാപിതാക്കള്‍ക്കും അഭിനന്ദനവുമായി മന്ത്രി കെ.കെ ശൈലജ. വൈകല്യങ്ങള്‍ ജീവിതത്തില്‍ തടസമാകാതെ പൊരുതുന്ന സിഷ്‌നയ്ക്ക് പഠനത്തിന് സാമൂഹ്യനീതി വകുപ്പ് എല്ലാ സഹായങ്ങളും നല്‍കും.
കാഴ്ചയും കേള്‍വിയും സംസാരശേഷിയും ഇല്ലായിരുന്നിട്ടും മകളെ നാടിന്റെ അഭിമാനമാക്കി വളര്‍ത്തിയെടുത്ത സിഷ്‌ന ആനന്ദിന്റെ അച്ഛന്‍ ആനന്ദ് ലോകത്തിലെ എല്ലാ അച്ഛന്‍മാര്‍ക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു.സിഷ്‌ന ആനന്ദിന് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നല്‍കുന്ന ആധുനിക പവര്‍ ബ്രെയ്‌ലി സിഷ്‌നയ്ക്ക് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി അധ്യക്ഷനായി. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ. സൂരജ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി, ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, എച്ച്.ആര്‍ സിനീയര്‍ മാനേജര്‍ ബ്രിജു മോഹന്‍, സിഷ്‌നയ്ക്കുവേണ്ടി പിതാവ് ആനന്ദ് സംസാരിച്ചു. കണ്ണൂരില്‍ 300 കിടക്കകളുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ അഞ്ചാമത്തെ അത്യാധുനിക ആശുപത്രി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സിഷ്‌ന ആനന്ദിന് ആശുപത്രിയില്‍ ജോലി നല്‍കുമെന്നും ചടങ്ങില്‍ അധികൃതര്‍ വാഗ്ദാനം ചെയ്തു.
ഭിന്നശേഷിയുള്ളവര്‍ക്ക് ജീവിതത്തില്‍ പ്രായോഗികമായി ഉപയോഗിക്കാവുന്ന വിധത്തിലുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമായ പുതിയ സിലബസിന് രൂപം നല്‍കണമെന്ന് ചടങ്ങിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പവര്‍ ബ്രെയ്‌ലിയിലൂടെ നല്‍കിയ സന്ദേശത്തില്‍ സിഷ്‌ന പറഞ്ഞു. വൈകല്യങ്ങളെ മറികടന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയും ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം തുടങ്ങുകയും ചെയ്താണ് സിഷ്‌ന മാതൃകയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."