ഹൗഡി മോദിയും ട്രംപും ചതിക്കുഴികളും
ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' സംഗമം ഇന്ത്യ-യു.എസ് സൗഹൃദം പുതിയ ഉയരങ്ങളില്‍ എത്തിച്ചെന്നും ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന്റെ ചരിത്രവും അതിന്റെ ഉയര്‍ച്ചതാഴ്ചകളും മറ്റൊന്നാണെങ്കിലും. തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ ടെക്‌സസിലെ ഇന്ത്യന്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുമായി അരലക്ഷം പേര്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റ് ട്രംപ് അതിഥിയായി എത്തിയതും സംസാരിച്ചതും സദസിന്റെ മുന്‍നിരയിലിരുന്ന് മോദിയുടെ പ്രസംഗം കേട്ട് കയ്യടിച്ചതും ഇന്ത്യ-യു.എസ് ഭരണാധികാരികള്‍ തമ്മിലുള്ള ബന്ധത്തിലെ പുതിയ ചരിത്രംതന്നെ.
ഈ ചരിത്ര സൃഷ്ടിക്കുവേണ്ടി മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും ചെയ്യാത്തതും ഇന്ത്യക്കാര്‍ സങ്കല്‍പ്പിക്കാത്തതുമായ കാര്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ചെന്ന് പ്രധാനമന്ത്രി മോദി ചെയ്തുകാട്ടി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്റെ സ്വീകരണവേദിയില്‍നിന്ന് തുടക്കമിട്ടു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര- ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയ മിന്നലാക്രമണം നടത്തി. ഇന്ത്യ പുലര്‍ത്തിപ്പോന്ന നിഷ്പക്ഷതയും നയതന്ത്ര മര്യാദയും തകര്‍ത്തു. ചിരിച്ചുകൊണ്ട് തന്റെയരികില്‍ നില്‍ക്കുന്ന ട്രംപിനെ ഒരു മുന്‍ഗാമിയും ചെയ്യാത്തവിധം സ്തുതിപാഠനം കൊണ്ടു മൂടി. 'അബ് കി ബാര്‍ മോദി ഗവണ്മെന്റ്' എന്ന മുദ്രാവാക്യം പോലും' അടുത്തതവണ ട്രംപിന്റെ ഗവണ്മെന്റ് യു.എസ് പ്രസിഡന്റിനു സമര്‍പ്പിച്ചു.
ഇരുവരും ആദ്യാവസാനം വാനോളം പുകഴ്ത്തി. കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ട്രംപിന്റെ കൈപിടിച്ച് മോദി സദസ്യര്‍ക്കുമിടയിലൂടെ കൊണ്ടുനടന്നു. തീര്‍ച്ചയായും രാഷ്ട്രീയ ചരിത്രത്തിലെ പുതിയ കാഴ്ചതന്നെ. തുടര്‍ച്ചയായി അഭിപ്രായ വോട്ടെടുപ്പില്‍ 50 ശതമാനത്തിന് ഏറെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ട്രംപിനെ വീണ്ടും ഓവല്‍ ഓഫിസില്‍ കൊണ്ടിരുത്തണമെന്ന അമേരിക്കന്‍ ഇന്ത്യക്കാരോടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശയുടെ ഫലമറിയാന്‍ 2020 നവംബര്‍ വരെ കാത്തിരിക്കണം.
ചൈനയുമായി ആരംഭിച്ച് ആഗോള വാണിജ്യയുദ്ധം തുടരുന്ന ട്രംപ് ഇന്ത്യയുമായും സംഘര്‍ഷത്തിലായിരുന്നു. വ്യാപാര കമ്മിയുടെ പ്രശ്‌നത്തില്‍, യു.എസ് ഇന്ത്യക്കനുവദിച്ചിരുന്ന വാണിജ്യ പ്രത്യേകപദവി എടുത്തുകളയുകയും ഇന്ത്യയില്‍നിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും കയറ്റുമതി ചുങ്കം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ ഗവണ്‍മെന്റ് നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരംകൂടി തേടിയാണ് മോദി ട്രംപിന്റെ നാട്ടിലെത്തിയത്. അതിരൂക്ഷമായ മാന്ദ്യം സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധി, ജമ്മു-കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നാല്‍പതു നാളിലേറെയായി നിലനില്‍ക്കുന്ന മനുഷ്യാവകാശം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുയര്‍ന്ന പ്രതിഷേധം- ഇക്കാര്യങ്ങളിലൊക്കെ അമേരിക്കന്‍ പ്രസിഡന്റില്‍നിന്നുള്ള കൈത്താങ്ങ്.
യു.എന്നിലേക്കുള്ള യാത്രയില്‍ മോദി ആദ്യം വന്നിറങ്ങിയത് ഹൂസ്റ്റണിലാണ്. മൂന്ന് നൊബേല്‍ സമ്മാന വിജയികളും യു.എസിലെ മനുഷ്യാവകാശ ഗ്രൂപ്പുകളും മോദി ഗവണ്‍മെന്റിനെതിരേ അതിശക്തമായ വിമര്‍ശനം മുഴക്കുന്നതിനിടയില്‍, പ്രത്യേകിച്ചും ബില്‍ഗേറ്റിന്റെ ഫൗണ്ടേഷന്‍ മോദിയുടെ ഭരണമാതൃകയ്ക്ക് പുരസ്‌കാരം സമ്മാനിക്കുന്നതിനെതിരേ യു.എസില്‍ പ്രതിഷേധം അലയടിക്കുകയാണ്. കൂടാതെ, ഹൂസ്റ്റണില്‍ 'ഹൗഡി മോദി' സംഗമം നടന്ന സ്റ്റേഡിയത്തിനുമുമ്പിലും ആയിരക്കണക്കില്‍ പ്രതിഷേധക്കാര്‍ പൊലിസിന്റെ പ്രതിരോധമതിലുകള്‍ക്കു മുമ്പിലും പ്രതിഷേധം തുടരുന്നുണ്ടായിരുന്നു. ഇതൊക്കെ മറികടക്കാനുള്ള പരിചയായാണ് അമേരിക്കയിലെ ആര്‍.എസ്.എസ് ബന്ധമുള്ള ഹിന്ദുത്വ സംഘടനകള്‍ കോര്‍പ്പറേറ്റ് പിന്തുണയോടെ 'ഹൗഡി മോദി' ട്രംപിനെക്കൂടി പങ്കെടുപ്പിച്ച് വിജയമാക്കിയത്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗവും വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയുമായി മത്സരിച്ചേക്കാവുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ബര്‍ണി സാന്റേഴ്‌സ് 'ഹൗഡി മോദി' നടക്കുന്നതിന്റെ തലേന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിളില്‍ പേരുവച്ചെഴുതി: 'അമേരിക്കന്‍ വിദേശ നയത്തിന്റെ മൂലക്കല്ല് മനുഷ്യാവകാശമാണെന്ന് മോദിയെ കാണുമ്പോള്‍ പ്രസിഡന്റ് ട്രംപ് ഓര്‍ക്കണം. ജമ്മു-കശ്മിര്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ്. ഇവിടെ ആരോഗ്യരക്ഷയ്ക്കും ജീവന്‍ നിലനിര്‍ത്തുന്നതിനുമുള്ള അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടു. കശ്മിരിന്റെ കാര്യത്തില്‍ പാകിസ്താനും തെറ്റായ പങ്കുവഹിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കി യു.എസ് പ്രസിഡന്റ് മോദിയോട് സംസാരിക്കേണ്ടതുണ്ടെന്നും' ബര്‍ണി സാന്റേഴ്‌സ് ആവശ്യപ്പെട്ടു.
കശ്മിര്‍ കാര്യത്തില്‍ ട്രംപ് പുലര്‍ത്തുന്ന മൗനത്തെ നിശിതമായി വിമര്‍ശിച്ച് ലേഖനം അവസാനിപ്പിച്ചതിങ്ങനെ:'മതപരമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കൊടും ക്രൂരതകള്‍ക്കും മുമ്പില്‍ പ്രസിഡന്റ് നിശബ്ദനായി നില്‍ക്കുകയാണെങ്കില്‍ അത് ലോകത്താകെയുള്ള ഏകാധിപത്യ നേതാക്കള്‍ക്കു നല്‍കുന്ന സന്ദേശം ഇതായിരിക്കും; മുന്നോട്ടുപോകുക, അതുകൊണ്ട് നേടാനുള്ളതെല്ലാം നേടിയെടുക്കുക'. ബര്‍ണി സാന്റേഴ്‌സും മനുഷ്യാവകാശ പ്രവര്‍ത്തകരും ഹൂസ്റ്റണില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുമുമ്പില്‍ ട്രംപ് പൂര്‍ണ നിശബ്ദതപാലിച്ചു. ഇന്ത്യക്കുവേണ്ടതെല്ലാം മോദി ചെയ്യുമെന്നാണ് പരോക്ഷമായി മറുപടിനല്‍കിയത്. നേരത്തെ ജമ്മു-കശ്മിര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് സ്വയം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞമാസം ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി7 സമ്മേളനത്തിനിടയില്‍ ഇരുവരുമായി അക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ട്രംപും മോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ട്രംപിനെ അടുത്തിരുത്തി മോദി പ്രഖ്യാപിച്ചത് മറിച്ചായിരുന്നു. കശ്മിര്‍ കാര്യത്തില്‍ മധ്യസ്ഥരായി ആരും ബുദ്ധിമുട്ടേണ്ടെന്ന്.
ഇപ്പോള്‍ ട്രംപുതന്നെ വെളിപ്പെടുത്തുന്നത് ആ കൂടിക്കാഴ്ചയിലാണ് 'ഹൗഡി മോദി' സംഗമത്തിലേക്ക് മോദി തന്നെ ക്ഷണിച്ചതും താനത് സ്വീകരിച്ചതെന്നുമാണ്. തന്നെക്കാള്‍ നല്ലൊരു സുഹൃത്തിനെ പ്രസിഡന്റായി നിങ്ങള്‍ക്കു കിട്ടില്ലെന്ന് എഴുപതിനായിരം ഇരിപ്പിടങ്ങളുള്ള എന്‍.ആര്‍.ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെത്തി സദസ്യരെ ഇളക്കിമറിച്ച് പ്രസിഡന്റ് ട്രംപ് ഉറപ്പുനല്‍കുകതന്നെ ചെയ്തു. ട്രംപ് പ്രസംഗത്തില്‍ നടത്തിയ രണ്ട് പ്രഖ്യാപനങ്ങളായിരുന്നു മോദിയെയും സദസ്യരെയും ഏറ്റവുമധികം ആവേശം കൊള്ളിച്ചത്: 'ഇസ്‌ലാംമത തീവ്രവാദ ഭീകരത'യുടെ വേരറുക്കുമെന്നുള്ള പ്രതിജ്ഞയും ഇന്ത്യയുടെയും അമേരിക്കയുടെയും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനവും.
യു.എന്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കശ്മിര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള പാകിസ്താന്‍ അജണ്ടയെ മുന്‍കൂട്ടി തകര്‍ക്കുകയാണ് ട്രംപിനെ കയ്യിലെടുത്ത് മോദി ചെയ്തത്. ന്യൂയോര്‍ക്കിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിന്റെ പ്രസ്താവനയെ പരോക്ഷമായി തള്ളിപ്പറഞ്ഞു: മിതവാദികളെന്നോ തീവ്രവാദികളെന്നോ പറയുന്ന ഇസ്‌ലാമില്ല. ഇന്നലെ ആരോ തീവ്രവാദ ഇസ്‌ലാമിനെപ്പറ്റി പറഞ്ഞതായി കേട്ടു. ട്രംപിനോടുള്ള രോഷവും അവിശ്വാസവും പുറത്തെടുത്ത് ഇമ്രാന്‍ ഖാന്‍ തുടര്‍ന്നു: അല്‍ ഖാഇദ നടത്തിയ 9 - 11 ഭീകരാക്രമണങ്ങള്‍ക്കുശേഷം അമേരിക്കയുമായി പാകിസ്താന്‍ കൈകോര്‍ത്തത് വിഡ്ഢിത്തമായി. അമേരിക്കയ്‌ക്കെതിരേ വേറൊരു വെളിപ്പെടുത്തലും പാക് പ്രധാനമന്ത്രി നടത്തി: 'സോവിയറ്റുകാര്‍ക്കെതിരേ പൊരുതാന്‍ (അഫ്ഗാനിസ്ഥാനില്‍) ഞങ്ങള്‍ സൃഷ്ടിച്ചതായിരുന്നു അല്‍ഖാഇദ പോലുള്ള ഈ ഗ്രൂപ്പുകളെ. അന്ന് ജിഹാദികള്‍ (അമേരിക്കക്ക്) ഹീറോകളായിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ വരവോടുകൂടിയാണ് അവര്‍ ഭീകരരായി മാറിയത്'.
'ഹൗഡി മോദി' സംഗമവേദിയില്‍നിന്ന് മടങ്ങിയ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കരണംമറിയുന്നതാണ് കണ്ടത്: പാകിസ്താന്‍ ഭീകരതയെപ്പറ്റി പ്രധാനമന്ത്രി മോദി തലേന്ന് നടത്തിയത് അതിരുകടന്ന പ്രസ്താവനയാണ്. അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചതല്ല. താനത് ഇരുന്നുകേട്ടു. സ്റ്റേഡിയത്തിനകത്തെ 59,000 ഓളം ശ്രോതാക്കള്‍ അത് ആവേശത്തോടെയാണ് സ്വീകരിച്ചതും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ ആക്രമണ സ്വഭാവത്തിലുള്ളതായിരുന്നു എന്ന് ട്രംപ് ആവര്‍ത്തിച്ച് ഇമ്രാന്‍ ഖാന്റെ മുമ്പില്‍ വീണ്ടും മധ്യസ്ഥം ചമഞ്ഞു: 'നിങ്ങള്‍ രണ്ടും വലിയ രാജ്യങ്ങളാണ്. പരസ്പരം സായുധപോരാട്ടം നടത്തുന്നവരും. എന്നാല്‍ ഇരുവരുമായി എനിക്ക് നല്ല ബന്ധമാണ്. ഇരുകൂട്ടരും തയാറാണെങ്കില്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണ് - ട്രംപ് ആവര്‍ത്തിച്ചു.
രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചകളില്‍ അവര്‍ എടുക്കുന്ന നിലപാടുകളും അതിനകത്ത് അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള അജണ്ടകളും എന്നും നിഗൂഢമാണ്. കശ്മിര്‍ പ്രശ്‌നത്തില്‍ ട്രംപ് ഇമ്രാന്‍ ഖാനോട് പറയുന്നതും മോദിയോട് സംസാരിക്കുന്നതും തന്റെ വ്യക്തിതാല്‍പര്യവും അമേരിക്കയുടെ താല്‍പര്യവും മനസില്‍ മുറുകെപിടിച്ചാണ്. അതില്‍ സത്യസന്ധമായ നിലപാട് ഏതാണെന്ന് വാക്കുകളില്‍നിന്നോ പ്രസ്താവനകളില്‍നിന്നോ വിലയിരുത്താനാവില്ല. നയതന്ത്ര ഭാഷയിലും അജണ്ടയിലും അത് ഒളിപ്പിച്ചുവെച്ചിരിക്കും.
പക്ഷെ, മനുഷ്യരെന്ന നിലയില്‍ ഭരണാധികാരികളുടെ മുഖത്തും പെരുമാറ്റത്തിലും ആംഗ്യഭാഷയിലും അവരുടെ ഉള്ളിലിരുപ്പ് പലപ്പോഴും പ്രകടമാകും. ഹൂസ്റ്റണില്‍ ട്രംപ് നടത്തിയ പ്രതികരണത്തിലെ അത്തരമൊരു സൂചനയാണ് ഇമ്രാന്‍ ഖാനെ ചൊടിപ്പിച്ചത്. അത് തിരിച്ചറിഞ്ഞാണ് ട്രംപ് മോദിയുടെ അതിരുവിട്ട പ്രസ്താവനയിലുള്ള അസംതൃപ്തിയും തന്റെ 'നിസ്സഹായത'യും ഇമ്രാന്‍ ഖാനുമുമ്പില്‍ പിറ്റേന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. അതോടൊപ്പം ഇന്ത്യക്കാരുടെ മുഴുവന്‍ പിന്തുണയുമുള്ള ആക്രമണോത്സുകതയിലാണ് പ്രധാനമന്ത്രി മോദിയെന്നുകൂടി സൂചിപ്പിച്ചു.
തന്റെ മധ്യസ്ഥതയ്ക്ക് പാകിസ്താനെയും ഇന്ത്യയെയും മെരുക്കിയെടുക്കാനാണ് ട്രംപ് അവസരം ഉപയോഗിക്കുന്നത്. മൂന്നാമതൊരാളുടെ സാന്നിധ്യമില്ലാതെ നടന്ന സംഭാഷണത്തിലെ തനിക്കാവശ്യമുള്ള ഭാഗങ്ങളാണ് മാധ്യമപ്രസിദ്ധീകരണത്തിനു ട്രംപ് നല്‍കിയത്. ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും തനിക്കൊപ്പം നിര്‍ത്താനുള്ള കൗശലമാണ് പലപ്പോഴും യു.എസ് പ്രസിഡന്റുമാര്‍ കാണിച്ചതു പോലെ ട്രംപും പയറ്റുന്നത്. ഇമ്രാന്‍ ഖാനുമായും മോദിയുമായും നല്ല സൗഹൃദമെന്നാണ് ട്രംപ് ആദ്യം പറഞ്ഞിരുന്ന ശൈലി. ഇമ്രാന്‍ ഖാന്‍ നല്ല സുഹൃത്താണെന്നും മോദി തന്നോട് 'ഏറ്റവും കൂറുള്ള' സുഹൃത്താണെന്നും ട്രംപ് ഇപ്പോള്‍ മാറ്റിപ്പറഞ്ഞു. കൂറും സ്‌നേഹവും തമ്മില്‍ പ്രയോഗത്തിലും ഫലത്തിലും ഏറെ വ്യത്യാസമുണ്ട്. കൂറുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് ഉല്‍ക്കണ്ഠയോടെ അന്വേഷിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."