ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ ആംബര്‍ എല്‍ തന്നെ
കൊച്ചി: പുറങ്കടലില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ക്കുകയും രണ്ടു മത്സ്യ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത അപകടത്തിനു പിന്നില്‍ വിദേശ ചരക്ക് കപ്പലായ ആംബര്‍ എല്‍ തന്നെയെന്ന് പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. അന്വേഷണം കഴിയുന്നത് വരെ കപ്പല്‍ തീരം വിട്ടു പോകാന്‍ പാടില്ലെന്നും മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എം.എം.ഡി) നിര്‍ദേശം നല്കി. അപകടം നടക്കുമ്പോള്‍ ഗ്രീക്ക് പൗരന്മാരായ ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണിസ്, സെക്കന്റ് ഓഫിസര്‍ ഗാല്‍നോസ് അത്നാനോയസ്, മ്യാന്മാര് പൗരനും നാവികനുമായ സെവാന്‍ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കപ്പലെന്നും എം.എം.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും.
സംഭവം സംബന്ധിച്ച് മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പാനമ രജിസ്ട്രേഷനുള്ള ചരക്ക് കപ്പലായ ആംബറാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു. സാഹചര്യതെളിവുകള്‍ക്ക് പുറമെ ശാസ്ത്രീയമായ പരിശോധനകളും നടത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. എം.എം.ഡി വിഭാഗം കപ്പലില്‍ നിന്ന് പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോര്‍ഡര്‍ (വി.ഡി.ആര്), ലോഗ് ബുക്ക് എന്നിവ പരിശോധിച്ചശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. വി.ഡി.ആറിലെ വിവരങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തിരിച്ചെടുക്കാനുള്ള പരിശോധന നടത്തുമെന്ന് എം.എം.ഡി വിഭാഗം ഉദ്യോഗസ്ഥന് അജിത്കുമാര്‍ സുകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."