മട്ടന്നൂരില്‍ എയറോനോട്ടിക്കല്‍ കോഴ്സ് അടുത്തമാസം മുതല്‍: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വലിയ വികസനങ്ങളാണ് വരാന്‍ പോകുന്നതെന്നും വ്യവസായ വാണിജ്യരംഗത്ത് പുതിയ മുന്നേറ്റമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഏര്‍പ്പെടുത്തിയ വാണിജ്യ വ്യവസായ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കുള്ള അവാര്‍ഡ്ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ അനിവാര്യമാണ്. ഇത്തരമൊരു മാസ്റ്റര്‍പ്ലാന്‍ മട്ടന്നൂരില്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എയറോനോട്ടിക്കല്‍ കോഴ്സ് പഠിപ്പിക്കുന്ന ഒരുസ്ഥാപനം അടുത്തമാസം തന്നെ മട്ടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ മട്ടന്നൂര്‍ പോളിടെക്നിക്കില്‍ താല്‍ക്കാലികമായി ക്ലാസ് സംവിധാനമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന വാണിജ്യ വകുപ്പിന് നേതൃത്വം നല്കാന് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് കെ. വിനോദ് നാരായണന് അധ്യക്ഷനായി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കെ.എ മൊയ്തീന്‍കുട്ടി ഹാജിയും മികച്ച വ്യാപാരിക്കുള്ള അവാര്‍ഡ് കെ.കെ പ്രദീപും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് എന്‍.പി പ്രശാന്തും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. സഞ്ചയ് ആറാട്ട് പൂവാടന്‍, അനീഷ് കെ. വാണിയങ്കണ്ടി, ജോസഫ് ബെനവന്‍, ടി. അനില്‍കുമാര്‍, ഷമീം പുനത്തില്‍, കെ.എസ് സത്താര്‍ ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, സി.വി ദീപക്, സി.ഡി മൂസാന്‍കുട്ടി, ലിജിത്ത് നാറാത്ത്, അബ്ദുള്‍റഷീദ്, എ.കെ ശ്യാമപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."