'ഒന്നി'ല്‍ നിന്നുയര്‍ന്നു; 'ഒന്നാന്തര'മാകാന്‍ 'ചെറിയാക്കര'
ചീമേനി: മൂന്നുവര്‍ഷം മുന്‍പ് ഒന്നാംതരത്തിലേക്ക് ഒരു കുട്ടിമാത്രം പ്രവേശനം നേടിയ വിദ്യാലയമാണ് ചെറിയാക്കര. ഈ വര്‍ഷം അത് നാലുകുട്ടികളായി. വിദ്യാലയത്തില്‍ ആകെ പഠിക്കുന്നത് 13 കുട്ടികള്‍. എന്നാല്‍ ചെറിയാക്കരയിലെ കുട്ടികള്‍ക്ക് ചെറിയാക്കരയില്‍ തന്നെ പഠിക്കാന്‍ 75 ദിന കര്‍മപദ്ധതി ഒരുക്കുകയാണ് നാട്ടുകാരും അധ്യാപകരും. വിദ്യാലയ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു. യോഗത്തില്‍വച്ചുതന്നെ ഒരു ലക്ഷം രൂപ വിദ്യാലയ വികസനനിധിയിലേക്കുലഭിച്ചു.
പഠന നിലവാരമുയര്‍ത്താന്‍ രാവിലെ ഒന്‍പതുമുതല്‍ മാജിക് ഇംഗ്ലിഷ് പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സ്‌കൂളിലെ എല്ലാ കുട്ടികളും ഐ.ടി സാങ്കേതിക വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടുണ്ട്. മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്ക് മലയാളം ഡി.ടി.പിയിലും പരിശീലനം നല്‍കുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠന നിലവാരം അറിയുന്നതിനായി
'കുട്ടിയെ അറിയാന്‍' എന്ന പേരില്‍ പ്രത്യേകം മൊബൈല്‍ ആപും തയാറായി കഴിഞ്ഞതായി സ്‌കൂള്‍ പ്രധാനധ്യാപിക ബേബി, അധ്യാപകരായ എന്‍. മഞ്ജുള, സതീശന്‍ എന്നിവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷകളുടെ സാധ്യതകള്‍ പ്രൈമറി തലത്തില്‍ തന്നെ പരിചയപ്പെടുത്താന്‍ പെഡഗോമാറ്റിക് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് വേറിട്ട പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, ജൈവ പന്തല്‍, കുട്ടികളുടെ പാര്‍ക്ക്, ചിത്രീകരണം എന്നിവയെല്ലാം എഴുപത്തഞ്ചുദിവസത്തെ കര്‍മപദ്ധതിയില്‍ പൂര്‍ത്തിയാകും.
എല്‍.എസ്.എസ് വിജയത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ സമീപ വിദ്യാലയങ്ങളുമായി ചേര്‍ന്ന് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തിലെ അധ്യാപകനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി റിസോഴ്‌സ് അംഗവുമായ എം. മഹേഷ്‌കുമാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."