പൊട്ടിപ്പൊളിഞ്ഞ റോഡും കുറഞ്ഞ വരുമാനവും; മലയോരത്തേക്കുള്ള ബസുകള്‍ ട്രിപ്പു മുടക്കുന്നു
നീലേശ്വരം: മലയോരത്തേക്കുള്ള പല സ്വകാര്യബസുകളും ട്രിപ്പുമുടയ്ക്കുന്നതായി പരാതി. ഇതിന്റെ ചുവടുപിടിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളും പലപ്പോഴും മുന്നറിയിപ്പില്ലാതെ ട്രിപ്പുമുടയ്ക്കുകയാണന്നും പരാതിയുണ്ട്. ഇതുകാരണം ഏറെ ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ഥികളും വ്യാപാര ആവശ്യങ്ങള്‍ക്കായി നീലേശ്വരത്ത് എത്തുന്നവരുമാണ്.
കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, മടിക്കൈ,കോടോം-ബേളൂര്‍, ബളാല്‍ ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറ്റവും അടുത്ത നഗരമാണ് നീലേശ്വരം. എന്നാല്‍ മലയോര പ്രദേശമായ ചിറ്റാരിക്കാല്‍ ഭീമനടി, കൊന്നക്കാട്, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, എന്നിവിടങ്ങളിലേക്ക് ബസില്ലാത്തതിനാല്‍ മലയോര കര്‍ഷകരാരും നീലേശ്വരത്തേക്ക് എത്തുന്നില്ല.
നീലേശ്വരത്തെ മലഞ്ചരക്ക് വ്യവസായത്തെയും ഇതുസാരമായി ബാധിച്ചിട്ടുണ്ട്. നീലേശ്വരം ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുന്ന പണി ദ്രുതഗതിയില്‍ നടക്കുന്നതിനാല്‍ ഹൈവേ വഴി പോകുന്ന ബസുകളൊന്നും നീലേശ്വരം സ്റ്റാന്‍ഡിനെ തൊടുന്നില്ല. കാഞ്ഞങ്ങാട്ടുനിന്ന് കൊന്നക്കാടേക്കുപോകുന്ന മൂന്നുമണിക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇപ്പോള്‍ കാഞ്ഞങ്ങാടു വഴിയാണ് പോകുന്നത്.
നീലേശ്വരത്തുനിന്നു മലയോരത്തേക്ക് പോകുമ്പോഴുള്ള പൂവാലംകൈ, കിണാവൂര്‍ റോഡ്, ബ്ലോക്ക് ഓഫിസ് പുത്തരിയടുക്കം, ചായ്യോം കയറ്റം, നളിമാളം, കൂവാറ്റി, എന്നിവിടങ്ങളിള്‍ റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
മലയോരത്തേക്കുള്ള റോഡ് വളരെ മോശമാണെന്നും കുഴിയില്‍ വീണു ബസിന്റെ ഷാഫ്റ്റും ടയറും മറ്റുഭാഗങ്ങളെല്ലാം പൊട്ടിപ്പോകുന്നുവെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ പറയുന്നു. സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെയും ഡീസലിന്റെയും വില താങ്ങാവുന്നതിലപ്പുറമാണെന്ന് ബസുടമകളും പറയുന്നു.
കലക്ഷന്‍ കുറവായതിനാല്‍ മൂന്നുതൊഴിലാളികളുടെ കൂലിയും അത്യാവശ്യ ചെലവുകളും കഴിച്ചാല്‍ പിന്നെ ഒന്നും ലഭിക്കുന്നില്ലെന്നും ഉടമകള്‍ പരാതി പറയുന്നു. അതിനാല്‍ അധികം മെയിന്റനന്‍സ് പണികളൊന്നുമില്ലാത്ത കൂടുതല്‍ ഇന്ധന ചെലവില്ലാത്ത റൂട്ടുകളില്‍ മാത്രമേ ബസ് ഓടിക്കാന്‍ നിര്‍വാഹമുള്ളൂവെന്നാണ് ബസുടമകളുടെ പക്ഷം.
അതിനാല്‍, മലയോരമേഖലയിലേക്കുള്ള റോഡുകള്‍ ജില്ലാ പഞ്ചായത്തും നഗരസഭയും ഇടപെട്ട് നന്നാക്കണമെന്നും അല്ലാത്ത പക്ഷം രാവിലെയും വൈകീട്ടും മാത്രം സര്‍വിസ് നടത്താന്‍ നിര്‍ബന്ധിതമാവുമെന്നും ബസുടമകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."