ജി.എസ്.ടി: ഉല്‍പ്പന്നങ്ങള്‍ക്ക് ഒറ്റ ബ്രാന്‍ഡ് നാമവുമായി കുടുംബശ്രീ
കോഴിക്കോട്: ജി.എസ്.ടി നിലവില്‍ വരുന്നതോടെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കുടുംബശ്രീ മുഖം മിനുക്കുന്നു.
ഇപ്പോള്‍ സംസ്ഥാനത്തുള്ള കുടുംബശ്രീ യൂനിറ്റുകളില്‍ നിര്‍മിക്കുന്ന വ്യത്യസ്ത പേരുകളിലുള്ള ഒരു ഉല്‍പ്പന്നത്തെ ഒറ്റ ബ്രാന്‍ഡ് നാമത്തിലേക്ക് മാറ്റി വിപണിയില്‍ ഇറക്കാനുള്ള നീക്കമാണ് കുടുംബശ്രീ ആലോചിക്കുന്നത്. ഇതുവഴി വിപണിയിലുള്ള സമാന ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഒപ്പം കൂടുതല്‍ വ്യത്യസ്തമായ ഗ്രാമീണ ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇറക്കും.
ചെറുകിട വ്യവസായ യൂനിറ്റുകളുടെ പട്ടികയിലാണ് കുടുംബശ്രീ യൂനിറ്റുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഇത്തരം ചെറുകിട വ്യവസായ യൂനിറ്റുകള്‍ക്ക് രണ്ടു ശതമാനമാണ് നികുതിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്ന് കുടുംബശ്രീ യൂനിറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കുടുംബശ്രീ ഉല്‍പാദിപ്പിക്കുന്ന അതേ ഉല്‍പ്പന്നങ്ങള്‍ നിരവധി ചെറുകിട-വന്‍കിട വ്യവസായ സ്ഥാപനങ്ങളും ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കുന്നുണ്ട്.
ജി.എസ്.ടി നികുതി സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയാനും ഇടയുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയാതിരിക്കാനാണ് ഓരോ ഉല്‍പ്പന്നങ്ങളും ഓരോ ബ്രാന്‍ഡ് നെയിമില്‍ മാത്രം വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ സംസ്ഥാനത്തുള്ള കുടുംബശ്രീ യൂനിറ്റുകള്‍ വ്യത്യസ്ത പേരുകളിലാണ് ഒരേ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്.
പ്രദേശിക വിപണികളെ ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഒറ്റപ്പേരില്‍ ഇറങ്ങുന്നത് വില്‍പ്പനയ്ക്കും വിശ്വാസ്യതയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കുടുംബശ്രീയ്ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."