കാഴ്ചയില്ലാത്ത മകന്‍ ഫുട്‌ബോള്‍ കണ്ട ആ 'കണ്ണിനും' അവാര്‍ഡ്
മിലാന്‍: ശരിക്കും മിലാനിലെ പുരസ്‌കാരച്ചടങ്ങില്‍ മെസിയായിരുന്നില്ല, കാഴ്ചയില്ലാത്ത മകന്റെ കണ്ണായി മാറിയ അമ്മയായിരുന്നു റിയല്‍ ഹീറോ. തന്റെ കണ്ണിലൂടെ ജീവനുതുല്യം സ്‌നേഹിക്കുന്ന മകന്‍ നിക്കോളാസ് ഗ്രീക്കോയ്ക്ക് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിന്റെയും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും നാടകീയതയുടെയും യാഥാര്‍ഥ്യങ്ങളും പരമാര്‍ഥങ്ങളും വാതോരാതെ വിവരിച്ചു നല്‍കിയ അമ്മ സില്‍വിയ ഗ്രീക്കോയെയാണ് ഇന്നലെ ഫിഫയുടെ മികച്ച ആരാധകര്‍ക്കുള്ള അവാര്‍ഡ് തേടിയെത്തിയത്.
മിലാനില്‍ നടന്ന ചടങ്ങില്‍ ഓട്ടിസം ബാധിച്ച, കാഴ്ചയില്ലാത്ത 12കാരനോടൊപ്പം വന്ന് ആ അമ്മ പുരസ്‌കാരം സ്വീകരിക്കാനെത്തുന്നത് മുതല്‍ സ്വീകരിച്ച് ഇരിപ്പിടത്തില്‍ ഇരിക്കുന്നത് വരെ ഹാള്‍ കൈയടികളാല്‍ പുളകിതമായിരുന്നു.
ബ്രസീല്‍ ലീഗില്‍ പാല്‍മിറാസിന്റെ കടുത്ത ആരാധകരായതിനാല്‍ ഓരോ മത്സരവും ഗ്യാലറിയിലിരുന്ന് ഒരു കമന്റേറ്ററെ പോലെ മത്സര വിശേഷങ്ങള്‍ അണുവിട ചോരാതെ അരികിലിരുത്തിയ മകന്റെ കാതുകളിലെത്തിക്കും. ഇതോടെ കുട്ടി ശരിക്കും ഒരു ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്ന ആസ്വാദകനാവും. ഇങ്ങനെയായിരുന്നു മകന് ഈ അമ്മ ഫുട്‌ബോള്‍ ലോകത്തെ നിറവസന്തമൊരുക്കിയത്. ഒരിക്കല്‍ പാല്‍മിറാസും ബൊട്ടാഫോഗയും തമ്മിലുള്ള മത്സരം വിവരിക്കുന്നതിനിടെയാണ് ആരോ ഇവരുടെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമത്തിലിട്ടത്. തുടര്‍ന്ന് ഇത് വൈറലായതോടെ ആരാധകരുടെ ഹൃദയത്തിലിടം കണ്ടെത്തി. പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.'ഞാന്‍ നല്‍കുന്നത് വൈകാരികമായ വിവരണമാണ്. പ്രൊഫഷനലായി പറയാന്‍ എനിക്ക് അറിയില്ല. ഞാന്‍ കാണുന്നതും എനിക്ക് തോന്നുന്നതും അവന് പറഞ്ഞുകൊടുക്കും. റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം പോലും അവന്റെ കാതുകളിലെത്തിക്കും' പുരസ്‌കാരവേളയില്‍ വികാരഭരിതയായി 56കാരിയായ ആ അമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."