രക്തസാക്ഷിമന്ദിരം പിടിക്കാന്‍ സി.പി.ഐ കോടതിയിലേക്ക്
കൊച്ചി : സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.ഐ-സി.പി.എം പോര് വിവിധ ജില്ലകളിലേക്കും പടരുന്നു. എറണാകുളം ജില്ലയില്‍ പോര് ഉച്ഛസ്ഥായിയിലെത്തി. സി.പി.എം കൈയടക്കിവച്ചിട്ടുളള എ.ഐ.ടി.യു.സി പ്രവര്‍ത്തകന്‍ സുഭാഷിന്റെ രക്തസാക്ഷിമണ്ഡപം തിരിച്ചുപിടിക്കാന്‍ സി.പി.ഐ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. സ്മാരകം ഉടമയ്ക്കു വിട്ടുനല്‍കണമെന്ന് കാണിച്ച് കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന് സി.പി.ഐ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കെ.സുകുമാരന്റെ പേരിലാണ് ഇപ്പോഴും മന്ദിരം നിലനില്‍ക്കുന്നത്. ഇതു കണ്ടില്ലെന്നു നടിച്ചാണ് എറണാകുളം പേട്ട ജങ്ഷനിലുളള സ്മാരകമന്ദിരം സി.പി.എം കൈയടക്കിയിട്ടുളളത്.
തൊഴില്‍തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുണ്ടായ പോരാണ് സി.പി.ഐ പ്രവര്‍ത്തകന്‍ സുഭാഷിന്റെ ജീവനെടുത്തത്. പാര്‍ട്ടി ഓഫിസില്‍ വിശ്രമിച്ചിക്കൊണ്ടിരിക്കെയാണ് സുഭാഷിനെ സി.പി.എമ്മുകാര്‍ ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 2001ലായിരുന്നു സംഭവം. രക്തസാക്ഷിയായ സഖാവിനുവേണ്ടി പ്രവര്‍ത്തകര്‍ സ്മാരകമന്ദിരം പണികഴിപ്പിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ച് എറണാകുളത്തെ പേട്ടയില്‍ ഏഴ് സെന്റ് ഭൂമിയില്‍ പണികഴിപ്പിച്ച സ്മാരകമന്ദിരം പിന്നീട് സി.പി.എമ്മിന്റെ പൂര്‍ണ നിയന്ത്രണത്തിലാവുകയായിരുന്നു.
സമീപ ദിവസങ്ങളില്‍ സി.പി.എമ്മില്‍നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ എറണാകുളത്ത് പാര്‍ട്ടി വിട്ടിരുന്നു. ഇവരെ ആഘോഷത്തോടെയാണ് സി. പി.ഐ സ്വീകരിച്ചത്. ഇതില്‍ ക്ഷുഭിതരായ സി.പി.എം നേതൃത്വം സി.പി.ഐയ്‌ക്കെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. സി.പി.എമ്മിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സി.പി.ഐ തീരുമാനം.
ഇതിനായി സി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയും ഇറക്കി. സി.പി.ഐ എക്‌സിക്യൂട്ടിവ് പുറത്തിറക്കിയ പ്രസ്താവനയില്‍ സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. പാര്‍ട്ടി വിട്ടവര്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചേര്‍ന്നാല്‍ മിണ്ടാട്ടമില്ല. സി.പി.ഐയില്‍ ചേര്‍ന്നപ്പോള്‍ ഹാലിളക്കം. ഇടത് ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സി.പി.ഐയെയും പഠിപ്പിക്കാന്‍ സി.പി. എം മെനക്കെടേണ്ടതില്ല. നിയമവാഴ്ചയും ഐക്യവും അംഗീകരിക്കുന്നവരാണെങ്കില്‍ പാര്‍ട്ടി ഓഫിസും സ്മാരകമന്ദിരവും വിട്ടുനല്‍കി മാതൃക കാട്ടുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. മന്ദിരം തിരിച്ചുപിടിക്കാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."