രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യദിവസം ലഭിച്ചത് ആറുപത്രിക
ന്യൂഡല്‍ഹി: രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന ആദ്യ ദിവസമായ ബുധനാഴ്ച രാത്രിവരെ ലഭിച്ചത് ആറ് നാമനിര്‍ദേശ പത്രികകള്‍. തമിഴ്‌നാട് സ്വദേശി പത്മരാജന്‍, ഗ്വാളിയോര്‍ സ്വദേശി ആനന്ദ് സിങ് കുശ്‌വാഹ, തെലങ്കാനയിലെ മഹ്ബൂബ് നഗര്‍ സ്വദേശി എ. ബാലരാജ, മുബൈയില്‍ നിന്നുള്ള ദമ്പതികളായ സൈറാബാനു, അബ്ദുല്‍ ഹമീദ് പട്ടേല്‍, പൂനെ സ്വദേശി വിജയ്പ്രകാശ് എന്നിവരാണ് പത്രികസമര്‍പ്പിച്ചത്. 150ലേറെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ശേഷമാണ് കെ. പത്മരാജന്‍ വീണ്ടും പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സേലംസ്വദേശിയായ പത്മരാജന്റെ പേര് ഇതിനകം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.
'ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ട സ്ഥാനാര്‍ഥി' എന്നതാണ് പത്മരാജന്റെ പേരിലുള്ള റെക്കോര്‍ഡ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിക്കും കെ. കരുണാകരനും എതിരേ മല്‍സരിച്ചതിനാല്‍ മലയാളികള്‍ക്കും പരിചിതനാണ് പത്മരാജന്‍.
മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ഒറ്റപ്പാലത്ത് മല്‍സരിച്ചപ്പോഴും അദ്ദേഹത്തിനെതിരേ പത്മരാജന്‍ മല്‍സരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവു, മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജെ. ജയലളിത, എം. കരുണാനിധി എന്നിവര്‍ക്കെതിരേയും മല്‍സരിച്ചിട്ടുണ്ട്.
പ്രണബ് മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിനും അദ്ദേഹം പത്രികസമര്‍പ്പിച്ചിരുന്നു.
2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മേത്തൂരില്‍ നിന്ന് ലഭിച്ച 6,273 വോട്ടുകളാണ് പത്മരാജന് ഇതുവരെ കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ജൂലൈ ഒന്ന് വരെ സമയമുണ്ട്. 17നാണ് വോട്ടെടുപ്പ്. 20നു വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."