സഊദിയില്‍ മഴ തുടരുന്നു; നാശനഷ്ടങ്ങളും നിരവധി
റിയാദ്: സഊദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. കനത്ത നാശനഷ്ടം വരുത്തി വെച്ചാണ് പലയിടത്തും കാറ്റും, ഇടിയും അകമ്പടിയായി മഴ തുടരുന്നത്. ദിവസങ്ങളായി തുടരുന്നു മഴയിലും മലവെള്ളപ്പാച്ചിലിലും പലയിടങ്ങളിലും റോഡുകള്‍ ഒലിച്ചു പോകുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ മക്ക പ്രവിശ്യയില്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദയിലെയും മക്കയിലെയും മുഴുവന്‍ യൂണിവേഴ്‌സിറ്റികള്‍ക്കും റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മക്ക പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മഴയില്‍ റോഡുകള്‍ ഏതാണ്ടെല്ലാം മൂടിയ നിലയിലാണ്. പ്രത്യേകിച്ച് തെക്ക്, കിഴക്ക് ഭാഗങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. അന്തരീക്ഷം പകല്‍ മുഴുവന്‍ മേഘാവൃതമായിരുന്നു. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ച വരെ ഭേദപ്പെട്ട മഴയാണ് അനുഭവപ്പെട്ടത്. അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ പേമാരിക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിവില്‍ ഡിഫന്‍സും മൊബൈലുകളില്‍ തുടര്‍ച്ചയായ അലര്‍ട്ട് മെസേജുകള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."