പള്ളിമിമ്പറില്‍ നിന്നുയരുന്നത് നീതിബോധം
വിശാലമായ മുസ്്‌ലിം സാമ്രാജ്യം ഭരിച്ചിരുന്ന ഖലീഫമാരില്‍ പ്രമുഖരും ലോകപ്രസിദ്ധ ഭരണാധികാരികളില്‍ ഒരാളുമാണ് ഖലീഫ ഹാറൂന്‍ റഷീദ്. നിരവധി ചരിത്ര സത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ച മഹാനാണ് അദ്ദേഹം. പണ്ഡിതരും സൂഫികളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുകയും ആശയവിനിമയങ്ങള്‍ നടത്തുകയും പതിവായിരുന്നു. തന്റെ ഭാഗത്ത് തെറ്റ് കണ്ടാല്‍ അത് തിരുത്താന്‍ അദ്ദേഹം കാണിച്ചിരുന്ന മനസ് ഭരണം കൈയാളുന്നവര്‍ക്കെല്ലാം പാഠമാകേണ്ടതാണ്. തന്റെ മക്കളായ അമീനേയും മഅ്മൂനിനേയും അദ്ദേഹം സദാശ്രദ്ധിച്ചു പോന്നു. ചെറുപ്പം മുതല്‍ക്കുതന്നെ ഭക്തിയുടേയും ആത്മീയ വിശുദ്ധിയുടേയും ഗുണപാഠങ്ങള്‍ അവര്‍ക്കദ്ദേഹം പകര്‍ന്നുനല്‍കി. ഗുരുവര്യന്‍മാരുടേയും മാതാപിതാക്കളുടേയും ഇടയില്‍ പെരുമാറേണ്ട രീതികള്‍ അവര്‍ക്കദ്ദേഹം പഠിപ്പിച്ചു. അതുകൊണ്ടുതന്നെ അവര്‍ രണ്ടുപേരും പിന്നീട് വലിയ ജനസേവകരായ ഭരണാധിപരായി മാറി.
ഹാറൂന്‍ റഷീദ് ഭൗതികമായ സുഖസൗകര്യങ്ങള്‍ ഏറെ അനുഭവിച്ചു ജീവിച്ചിരുന്നവരാണെങ്കിലും ജീവിതത്തില്‍ വന്ന തെറ്റുകള്‍ തിരുത്താനും പണ്ഡിതരുടെ ഉപദേശനിര്‍ദേശങ്ങള്‍ ചെവികൊള്ളാനും എപ്പോഴും തയാറായിരുന്നു. ഒരുനാള്‍ ഒരു വൃദ്ധന്‍ നിലത്തു വീണുകിടക്കുന്ന ധാന്യമണികള്‍ പെറുക്കി പാട്ടുംപാടി നടക്കുകയായിരുന്നു. അപ്പോഴാണ് ഹാറൂന്‍ റഷീദിന്റെ ഭൃത്യന്‍ അതുവഴി കടന്നുവരുന്നത്. കൊട്ടാരത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന്റെ കൈയില്‍ കൊട്ടാര ഗായകര്‍ക്കുള്ള ഒരു നിഷിദ്ധ വസ്തു ഉണ്ടായിരുന്നു. വൃദ്ധന്‍ അത് വാങ്ങി നശിപ്പിച്ചു. ഹാറൂന്‍ റഷീദ് കൊട്ടാരത്തിലേക്ക് കയറിവന്നപ്പോള്‍ കാര്യങ്ങളെല്ലാം ഭൃത്യന്‍ ഹാറൂന്‍ റഷീദിനെ ധരിപ്പിച്ചു. ഭൃത്യന്റെ വിശദീകരണം കേട്ടപ്പോള്‍ ഹാറൂന്‍ റഷീദിന് കോപം വരികയും തന്റെ മുന്നില്‍ അദ്ദേഹത്തെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഭൃത്യന്‍ ചെന്നു വൃദ്ധനോട് ഇങ്ങനെ പറഞ്ഞു: 'ഇതാ നിങ്ങളെ ഹാറൂന്‍ റഷീദ് വിളിക്കുന്നുണ്ട്. ഈ വാഹനത്തില്‍ കയറുക.'വൃദ്ധന്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം നടന്ന് കൊട്ടാരവാതിലിനടുത്തു ചെന്നുനിന്നു. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച അയാളുടെ തോളില്‍ ധാന്യമണികള്‍ അടങ്ങിയിരുന്ന സഞ്ചിയും ഉണ്ടായിരുന്നു. കൊട്ടാര കാവല്‍ക്കാരന്‍ ആ മുഷിഞ്ഞ വേഷധാരിയെ കണ്ടപ്പോള്‍ സഞ്ചി പടിവാതില്‍ക്കല്‍ മാറ്റിവച്ചു അകത്തേക്കു പ്രവേശിക്കാന്‍ പറഞ്ഞു. പക്ഷെ, അയാള്‍ വഴങ്ങിയില്ല. ഈ സഞ്ചിയിലാണെന്റെ രാത്രിഭക്ഷണത്തിനുള്ള ധാന്യങ്ങളുള്ളത്. ഞാന്‍ കഷ്ടപ്പെട്ടു സമ്പാദിച്ചതാണിത്. ഭൃത്യന്‍ പറഞ്ഞു: 'ഭക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല.' വൃദ്ധന്‍ പറഞ്ഞു: 'വേണ്ട നിങ്ങളുടെ ആഹാരം എനിക്കു വേണ്ട. നിങ്ങളുടെ ഒരു ഉപദേശവും എനിക്കാവശ്യമില്ല.' എന്നു പറഞ്ഞ് അദ്ദേഹം ചക്രവര്‍ത്തിയുടെ അരികിലേക്ക് നടന്നു ചെന്നു.
ഹാറൂന്‍ റഷീദ് വൃദ്ധന്റെ ചെയ്തികളെ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും കുലുക്കമില്ലാതിരുന്ന വൃദ്ധന്‍ ഇങ്ങനെ പറഞ്ഞു: 'താങ്കളുടെ പിതാക്കന്മാരും പ്രപിതാക്കന്‍മാരും എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളുടെ പ്രസംഗപീഠത്തില്‍ വച്ച് വിശുദ്ധ ഖുര്‍ആനിലെ ഒരുവാക്യം ഉരുവിടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'' അതിപ്രകാരമാണ്; നീതിയും നന്മയും പ്രാവര്‍ത്തികമാക്കാനും കുടുംബബന്ധങ്ങള്‍ പുലര്‍ത്താനും അല്ലാഹു ആജ്ഞാപിക്കുന്നു. മ്ലേഛതയും നിഷിദ്ധവും അക്രമവും വിലക്കുകയും ചെയ്യുന്നു''. (ഖുര്‍ആന്‍ 16:90) ഞാന്‍ നിഷിദ്ധമായൊരു കാര്യം കണ്ടു; അതു തടഞ്ഞു, അത്രതന്നെ. അതില്ലാതിരുന്നാല്‍ അല്ലാഹു എന്നോട് ചോദിക്കും''.
വൃദ്ധന്റെ വിശദീകരണം കേട്ടപ്പോള്‍ ഹാറൂന്‍ റഷീദ് നിശബ്ദനായി കുറച്ചുനേരം ആലോചിച്ചു നിന്നശേഷം വൃദ്ധനോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. കൊട്ടാരം വിട്ടിറങ്ങിയപ്പോള്‍ വൃദ്ധന്‍ പഴയതുപോലെ ധാന്യമണികള്‍ പെറുക്കി സഞ്ചിയില്‍ ശേഖരിച്ചു കൊണ്ടിരുന്നു. വൃദ്ധന്റെ അവസ്ഥയും അദ്ദേഹത്തിന്റെ ഉപദേശങ്ങളും ഹാറൂന്‍ റഷീദിനെ അപ്പോഴേക്കും ഏറെ സ്വാധീനിച്ചിരുന്നു. ഹാറൂന്‍ റഷീദ് ഒരു സ്വര്‍ണക്കിഴി ഭൃത്യന്റെ കൈയില്‍ നല്‍കി വൃദ്ധനെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ വൃദ്ധന്‍ അതു സ്വീകരിച്ചില്ല. വൃദ്ധന്‍ പറഞ്ഞു: ''എന്റെ ജീവിതം ക്രമപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്. അവനാണ് എനിക്ക് ഭക്ഷണം നല്‍കുന്നതും നിയന്ത്രിക്കുന്നതും. നീതിയും നന്മയും ഉയര്‍ത്തിപ്പിടിച്ചു ജീവിക്കണമെന്നും നിഷിദ്ധ കാര്യങ്ങള്‍ തടയണമെന്നും അല്ലാഹു സദാ നമ്മോട് കല്‍പ്പിക്കുകയും ചെയ്യുന്നു.''
നീതിയും നന്മയും പാലിക്കണമെന്നും നിഷിദ്ധകാര്യങ്ങള്‍ തടയണമെന്നുമുളള ഖുര്‍ആന്‍ വചനങ്ങള്‍ വൃദ്ധന്‍ ഓതിക്കേള്‍പ്പിച്ചതിലൂടെ ചക്രവര്‍ത്തിയുടെ തന്റെ ജീവിതരീതികളില്‍ മാറ്റം വരുത്താനും ഭരണകാര്യങ്ങളില്‍ ഒന്നുകൂടി നീതിയും നന്മയും ഉറപ്പുവരുത്താനും തയാറായി. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ദിനങ്ങളില്‍ മിമ്പറകളില്‍ വച്ച് നീതിയും നന്മയും നടപ്പിലാക്കാനും നിഷിദ്ധ കാര്യങ്ങള്‍ തടയാനുമായി ഈ ഖുര്‍ആന്‍ സൂക്തം ഖത്വീബുമാര്‍ പാരായണം ചെയ്യുന്നുണ്ട്. ലോകത്ത് നീതിയും നന്മയും നടപ്പിലാക്കാനും ദുരാചാരങ്ങള്‍ വെടിയാനുമായി ഏറെ ശബ്ദിച്ചൊരു മതമാണ് ഇസ്്‌ലാം.
ദിവസങ്ങളില്‍ ഏറെ േ്രശ്രഷ്ഠമായതാണ് വെള്ളിയാഴ്ച. ജുമുഅ പാവങ്ങളുടെ ഹജ്ജും വിശ്വാസികളുടെ ആഘോഷവുമാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഏറെ കരുതലോടെ ചെലവഴിക്കേണ്ട ഈ ദിനം പ്രാര്‍ഥനകളെക്കൊണ്ട് ധന്യമാക്കാന്‍ പ്രവാചകര്‍ കല്‍പ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിനങ്ങളിലെ ഖത്വീബുമാരുടെ ഖുത്വുബയില്‍ വിശ്വാസികളുടെ നന്മയ്ക്കും പാപമോചനത്തിനും കൂട്ടായ പ്രാര്‍ഥനകള്‍ നടന്നുവരുന്നു. സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന എല്ലാ ഭിന്നിപ്പുകളെയും മാറ്റിവച്ച് ഒത്തൊരുമയോടെ പ്രാര്‍ഥനകള്‍ക്കായി വന്നിരിക്കുന്ന വിശ്വാസികളോട് ഖത്വീബുമാര്‍ നടത്തുന്ന പ്രസംഗം വളരെ ഗൗരവമുള്ളതാണ്. അത് അങ്ങനെത്തന്നെയായിരിക്കുകയും വേണം.
അവ സമൂഹം ഏറെ ശ്രദ്ധിക്കുകയും വീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്യുന്നു. ജുമുഅ ദിനങ്ങളിലെ പ്രസംഗത്തില്‍ സമുദായത്തെ ബാധിക്കുന്നതും അവരുടെ ഇഹപരവിജയത്തിന് വേണ്ടിയുള്ള കാര്യങ്ങളുമാണ് ഖത്വീബുമാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത്. മേല്‍വിവരിച്ച ഖുര്‍ആന്‍ ആയത്തിന്റെ അകപ്പൊരുളുകള്‍ ശ്രദ്ധിക്കുകുയും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ ദീനിനെതിരേ നീങ്ങുമ്പോള്‍ അവയെ യുക്തിദീക്ഷയോടും സദുപദേശത്തോടുംകൂടി കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് ഖത്വീബുമാരുടെ ബാധ്യത കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."