പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം സുരക്ഷാ സംവിധാനങ്ങളോടെയെന്ന് അധികൃതര്‍
കൊച്ചി : പുതുവൈപ്പ് എല്‍.പി.ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെയും പരിസര വാസികള്‍ക്ക് യാതൊരു വിധത്തിലുമുള്ള പ്രശ്്‌നങ്ങള്‍ ഉണ്ടാകാത്ത വിധത്തിലുമാണ് നിര്‍മിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ്് ജനറല്‍ മാനേജറും സംസ്ഥാന മേധാവിയും കേരളത്തിലെ എണ്ണ വ്യവസായ കോ ഓര്‍ഡിനേറ്ററുമായ പി.എസ്.മണി വ്യക്തമാക്കി.
ഒരു ചെറിയ സംഘം ആളുകള്‍ ടെര്‍മിനലിന്റെ നിര്‍മാണം തടസപ്പെടുത്തുന്നതിന്റെ ഫലമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ദിനംപ്രതി ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിന്റെ നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ 2016 ആഗസ്റ്റ് മാസത്തില്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ 2017 ഫെബ്രുവരി 16 മുതല്‍ ഒരു ചെറിയ സംഘം ആളുകള്‍ ടെര്‍മിനലിന്റെ നിര്‍മാണം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 2017 ഏപ്രില്‍ 13ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പദ്ധതിക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ടെര്‍മിനല്‍ നിര്‍മാണവുമായി മുന്നോട്ടു പോകാനുള്ള മുന്‍ ഉത്തരവ് സ്ഥിരപ്പെടുത്തി.
തങ്ങള്‍ ടെര്‍മിനല്‍ നിര്‍മാണം തടസപ്പെടുത്തുന്നില്ലെന്നും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്നില്ലെന്നും 2017 ഏപ്രില്‍ 13ന് സമരക്കാര്‍ ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചിരുന്നു. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ണ തോതില്‍ നടത്താന്‍ കേരള ഹൈക്കോടതിയും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓയിലിന് അനുമതി നല്‍കിയിട്ടുള്ളതാണ്.
ലോകമാകെ ഏറ്റവും സുരക്ഷിതമെന്ന് അംഗീകരിച്ചിട്ടുള്ള 'മൗണ്ടഡ് എല്‍.പി.ജി വെസലുകളിലാണ് പുതുവൈപ്പില്‍ ദ്രവീകൃത ഇന്ധനം സൂക്ഷിക്കുന്നത്. 45 മില്ലി മീറ്റര്‍ കനമുള്ള ബോയ്‌ലര്‍ ക്വാളിറ്റി സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ള ഈ വെസലുകള്‍ മണ്ണില്‍ ആഴത്തില്‍ കുഴിച്ചിട്ട് ചുറ്റും 1.25 മീറ്റര്‍ കനത്തില്‍ കൂടുതല്‍ ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിച്ച്് സുരക്ഷിതമാക്കിയാണ് സ്ഥാപിക്കുന്നത്. ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന മൗണ്ടഡ് വെസ്സലുകള്‍ സ്വാഭാവികമായി തന്നെ സുരക്ഷിതവും പൊട്ടിത്തെറിക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ലാത്തവയുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."