ജി.എസ്.ടി എളുപ്പത്തില്‍ പാസാക്കാനാവില്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ല് എളുപ്പത്തില്‍ കേന്ദ്ര സര്‍ക്കാരിനു പാസ്സാക്കാന്‍ കഴിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജി.എസ്.ടി ബില്ലിനു വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കിയെങ്കിലും യഥാര്‍ഥ ജി.എസ്.ടി ബില്‍ പാസാക്കുന്നത് അത്ര എളുപ്പമാകില്ലെന്നാണു യെച്ചൂരി പറഞ്ഞത്.
നികുതി നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. നികുതി നിരക്ക് എത്രയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. അതുണ്ടാകുമ്പോള്‍ മാത്രമേ ജി.എസ്.ടി കൊണ്ട് എത്രത്തോളം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്ന കാര്യം അറിയാനാവുകയുള്ളൂ. നികുതി നിരക്കിന് നിശ്ചിത പരിധി നിര്‍ണയിക്കണമെന്നും പരമാവധി 18 ശതമാനം എന്ന നിര്‍ദേശത്തോട് യോജിപ്പാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസക് ഉയര്‍ന്ന നികുതി നിരക്കിനെ അനുകൂലിക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. യഥാര്‍ഥ ജി.എസ്.ടി ബില്‍ നടപ്പാക്കുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാനാകൂവെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."