പി.ടി ഉഷ ഇന്ത്യന്‍ കായിക ലോകത്തെ പ്രകാശം: പ്രധാനമന്ത്രി
കോഴിക്കോട്: പാരമ്പര്യ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക താരങ്ങള്‍ യോഗ നിര്‍ബന്ധമായും പരിശീലിക്കണം. കായിക മേഖല നമ്മുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും രാജ്യത്തിന്റെ അഭിവൃദ്ധിയെയും സഹായിക്കുന്നതാകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കോഴിക്കോട് കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സിന്തറ്റിക് ട്രാക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിലെ ജയവും പരാജയവും കൂടുതല്‍ ഉയര്‍ച്ചയിലേക്കുള്ള പ്രയത്‌നത്തിന് കാരണമാകണമെന്നും പറഞ്ഞു. പാരമ്പര്യ കായിക ഇനങ്ങള്‍ രാജ്യത്തിന്റെ യശസിന് തന്നെ കാരണമായിത്തീരും. ഭാരതം യോഗയിലൂടെ ലോകത്ത് അറിയപ്പെട്ടു. അതേപോലെ കബടി ഉള്‍പ്പെടെയുള്ള മത്സരങ്ങളും കൂടുതല്‍ ശ്രദ്ധിക്കപ്പെടണം. സ്‌പോര്‍ട്‌സ് നമ്മുടെ സാമ്പത്തിക അഭിവൃദ്ധിയെയും ഏറെ സ്വാധീനിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യന്‍ കായിക ലോകത്തിന്റെ പ്രകാശമാണ് ഒളിമ്പ്യന്‍ പി.ടി ഉഷ. അവര്‍ ഇപ്പോഴും തന്റെ മേഖലയില്‍ തുടരുകയും ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പ്രയത്‌നിക്കുന്നതും അഭിനന്ദനാര്‍ഹമാണ്. കേരളം കായിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വ്യവസായ മന്ത്രി എ.സി മൊയ്തീന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഒ രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ഡോ. ബീന ഐ.എ.എസ് സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ എട്ടരക്കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
ഉദ്ഘാടനത്തിന് ശേഷം കേന്ദ്ര മന്ത്രിയും പി.ടി ഉഷയുമുള്‍പ്പെടെയുള്ളവര്‍ ട്രാക്കിലൂടെ ഓടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."