ലൈഫ് മിഷന്‍: ഫണ്ട് വാങ്ങി മുങ്ങിയവരെ തേടി തദ്ദേശ സ്ഥാപനങ്ങള്‍
കൊണ്ടോട്ടി: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ ഫണ്ട് വിഹിതം വാങ്ങി വീട് നിര്‍മാണം പൂര്‍ത്തിയാക്കാതെ മുങ്ങിയവര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍.
ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് 54,293 പേരാണ് ഗുണഭോക്താക്കളായുണ്ടായിരുന്നത്.
ഇവരില്‍ 51,643 പേരും വീട് നിര്‍മാണം പൂര്‍ത്തിയാക്കി. ശേഷിക്കുന്ന 2,650 പേര്‍ സമയ ബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ജൂലൈ 31നകം ലൈഫ് മിഷന്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.
വര്‍ഷങ്ങളായി വിവിധ പദ്ധതികള്‍ വഴി വീടിനായി സഹായം നല്‍കിയിട്ടും നിര്‍മാണം പാതിവഴിയിലായവരെ സഹായിക്കാനാണ് ലൈഫ് മിഷന്‍ ഒന്നാംഘട്ടം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വീട് നിര്‍മാണം നിലച്ച ഗുണഭോക്താക്കളെ കണ്ടെത്തി നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഇവര്‍ക്ക് ഫണ്ട് നല്‍കിയത്. എന്നാല്‍ ഇവരില്‍ പലരും ഗഡുക്കള്‍ വാങ്ങിയെങ്കിലും പിന്നീട് വീട് നിര്‍മിച്ചിട്ടില്ല. ചിലര്‍ ഫണ്ട് പ്രയോജനപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിയതുമില്ല. ഇത്തരം ഗുണഭോക്താക്കളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പരിശോധിച്ച് ഗഡുക്കള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ നിയമാനുസരണം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാത്തവരോട് വിശദീകരണവും തേടും.
ഭനവന പദ്ധതി പൂര്‍ത്തിയാക്കത്തവരില്‍ കൂടുതല്‍ പേര്‍ വയനാട് ജില്ലയിലും കുറവ് എറണാകുളം ജില്ലയിലുമാണ്. വയനാട് ജില്ലയില്‍ 680 പേരാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തത്. 8,812 പേരില്‍ 8,132 പേരാണ് ഇവിടെ ഫണ്ട് പ്രയോജനപ്പെടുത്തി വീട് നിര്‍മിച്ചത്. എറണാകുളത്ത് 1,066 ഗുണഭോക്താക്കളില്‍ 1,057 പേരും പൂര്‍ത്തീകരിച്ചു. ഒന്‍പത് പേരാണ് പൂര്‍ത്തിയാക്കാത്തത്. പാലക്കാട് ജില്ലയില്‍ 657, കോഴിക്കോട് 314, ഇടുക്കി 182, കാസര്‍കോട്ട് 175 പേരും വീട് പൂര്‍ത്തീകരിച്ചിട്ടില്ല, മറ്റുജില്ലകളില്‍ തിരുവനന്തപുരം 60, കൊല്ലം 56, പത്തനംതിട്ട 27, കോട്ടയം 52, ആലപ്പുഴ 147, തൃശൂര്‍ 134, മലപ്പുറം 90, കണ്ണൂര്‍ 67 എന്നിങ്ങനെയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കാത്തവരുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."