ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന് നാളെ കിക്കോഫ്
മോസ്‌ക്കോ: 2018ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് നാളെ തുടക്കമാകും. 2018 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയിലാണ് മത്സരങ്ങള്‍. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നായി എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ റഷ്യ, നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി, യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, എ.എഫ്.സി ഏഷ്യന്‍ കപ്പ് ജേതാക്കാളായ ആസ്‌ത്രേലിയ, കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലി, കോണ്‍കാക്കാഫ് വിജയികളായ മെക്‌സിക്കോ, ഓഷ്യനിയ നാഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസിലന്‍ഡ്, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായ കാമറൂണ്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകളെ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാക്കിയാണ് ലീഗ് റൗണ്ട് മത്സരങ്ങള്‍. നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് എയില്‍ റഷ്യ, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, മെക്‌സിക്കോ ടീമുകളും ഗ്രൂപ്പ് ബിയില്‍ കാമറൂണ്‍, ചിലി, ആസ്‌ത്രേലിയ, ജര്‍മനി ടീമകളും അണിനിരക്കും. നാളെ മുതല്‍ ജൂലൈ രണ്ട് വരെയാണ് മത്സരങ്ങള്‍. റഷ്യയിലെ നാല് സ്റ്റേഡിയങ്ങളാണ് വേദികളാകുന്നത്. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്റ്റേഡിയം, കസാനിലെ കസാന്‍ അരേന, മോസ്‌ക്കോയിലെ ഒറ്റ്ക്രിറ്റിയെ അരേന, സോച്ചിയിലെ ഫിഷ്റ്റ് ഒളിംപിക്ക് സ്റ്റേഡിയം എന്നിവിടങ്ങളാണ് വേദികള്‍.
1992ല്‍ സഊദി അറേബ്യ ആരംഭിച്ച കിങ് ഫഹദ് കപ്പാണ് കോണ്‍ഫെഡറേഷന്‍സ് കപ്പായി രൂപം മാറിയത്. 1992ല്‍ നാല് ടീമുകളും 1995ല്‍ ആറ് ടീമുകളുമാണ് ഇതില്‍ പങ്കെടുത്തത്. പിന്നീട് 1997 മുതല്‍ ഫിഫ ഏറ്റെടുത്ത് എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പായി ടൂര്‍ണമെന്റിനെ മാറ്റുകയായിരുന്നു.
1992ല്‍ ആദ്യ കിങ് ഫഹദ് കപ്പ് കിരീടം അര്‍ജന്റീനയും രണ്ടാം തവണ ഡെന്‍മാര്‍കും സ്വന്തമാക്കി. കോണ്‍ഫെഡറേഷന്‍സ് കപ്പാക്കിയ ശേഷം ആദ്യം ചാംപ്യന്‍മാരായത് ബ്രസീലായിരുന്നു. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബ്രസീല്‍ ഹാട്രിക്ക് കിരീട നേട്ടമാണ് സ്വന്തമാക്കിയത്. മൊത്തം നാല് വട്ടം ചാംപ്യന്‍മാരായ ബ്രസീല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം. ഫ്രാന്‍സ് രണ്ട് തവണയും മെക്‌സിക്കോ ഒരു തവണയും ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി. ഇത്തവണ മത്സരിക്കാനിറങ്ങുന്നവരില്‍ മെക്‌സിക്കോ ഒഴികെ മറ്റൊരു ടീമും കിരീടം നേടിയിട്ടില്ല എന്നതിനാല്‍ പുതിയൊരു ചാംപ്യനേയും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."