പ്രതിസന്ധി മുതലെടുത്ത് ആയുധക്കച്ചവടം
ഖത്തറുമായി 1200 കോടി ഡോളറിന്റെ ആയുധ കരാറിന് യു.എസ്
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുണ്ടായ നയതന്ത്ര പിണക്കത്തിനുപിന്നില്‍ അമേരിക്കയാണെന്ന ആരോപണം നിലനില്‍ക്കെ ഖത്തറുമായി 1200 കോടി ഡോളറിന്റെ ആയുധ കരാറില്‍ യു.എസ് ഒപ്പുവച്ചു. നയതന്ത്ര പ്രതിസന്ധി മുതലെടുത്ത് 36 എഫ് 15 യുദ്ധവിമാനങ്ങളാണ് ഖത്തറിന് യു.എസ് വില്‍ക്കുന്നത്.
യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയുമാണ് കരാറില്‍ ഒപ്പുവച്ചത്.
കരാര്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുതിയ കരാറിലൂടെ അമേരിക്കയിലെ 42 സംസ്ഥാനങ്ങളിലായി 60,000 പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഡോ. അല്‍അത്തിയ്യ പറഞ്ഞു. അമേരിക്കയിലെ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായുള്ള സംയുക്ത പ്രവര്‍ത്തനത്തില്‍ ഖത്തറിന്റെ ദീര്‍ഘകാല പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് കരാറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തീവ്രവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിനുമേലുള്ള ഭാരം കുറയ്ക്കാനും പുതിയ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം തുടച്ചുനീക്കാനുള്ള സൈനിക പ്രവര്‍ത്തനങ്ങളില്‍ ഖത്തറും അമേരിക്കയും യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുമായുള്ള സംയുക്ത സൈനിക സഹകരണം ഖത്തര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്, ഗള്‍ഫ് നയതന്ത്ര പ്രതിസന്ധി എന്നിവയിലും ഇരു നേതാക്കളും ചര്‍ച്ച നടത്തി.
കരാറിന് പെന്റഗണും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയവും അനുമതി നല്‍കുകയായിരുന്നു. ഖത്തറിന് 36ഉം കുവൈത്തിന് 24ഉം എഫ് 15 യുദ്ധവിമാനങ്ങള്‍ വില്‍പ്പന നടത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരേ എതിര്‍പ്പുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കരാര്‍ യാഥാര്‍ഥ്യമാകുന്നത് നീണ്ടുപോകുകയായിരുന്നു.
സൈനികാഭ്യാസത്തിന് യു.എസ് കപ്പലുകള്‍ ഖത്തറില്‍
ദോഹ: സംയുക്ത സൈനികാഭ്യാസം ലക്ഷ്യമിട്ട് രണ്ട് അമേരിക്കന്‍ നാവിക കപ്പലുകള്‍ ഖത്തറിലെ ഹമദ് തുറമുഖത്തെത്തി. ഖത്തര്‍ നാവികസേനയുമായി സംയുക്ത നാവികാഭ്യാസത്തിലേര്‍പ്പെടുന്നതിനായാണ് അമേരിക്കന്‍ കപ്പലുകളെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതിരോധ മന്ത്രാലയത്തിലെ മോറല്‍ ഗൈഡന്‍സ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീരി നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ കപ്പലുകളിലെ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.
അമേരിക്കന്‍ കപ്പലുകളുടെ വരവ് ഗള്‍ഫ് പ്രതിസന്ധിക്കു മുന്‍പ് പദ്ധതിയിട്ടതാണോ അതോ പെന്റഗണ്‍ ഖത്തറിന് നല്‍കുന്ന പിന്തുണയുടെ ഭാഗമാണോ എന്ന കാര്യം വ്യക്തമല്ല.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണുള്ളത്. 11,000ലേറെ അമേരിക്കന്‍ സൈനികര്‍ ഇവിടെയുണ്ട്. നൂറിലേറെ യുദ്ധവിമാനങ്ങളാണ് ഈ താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ താവളത്തിന് സൗകര്യമൊരുക്കുന്നതില്‍ പെന്റഗണ്‍ കഴിഞ്ഞയാഴ്ച ഖത്തറിനെ അഭിനന്ദിച്ചിരുന്നു. ഖത്തറിനെതിരായ ഉപരോധത്തെ അനുകൂലിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായിരുന്നു പെന്റഗണിന്റെ നിലപാട്.
സഊദിയിലേക്ക് 8000 സ്മാര്‍ട് ബോംബുകള്‍ അയക്കുന്നു
വാഷിങ്ടണ്‍: യു.എസ് നിര്‍മിത അത്യാധുനിക സ്മാര്‍ട് ബോംബുകള്‍ സഊദിക്ക് വില്‍ക്കാന്‍ അമേരിക്കയുടെ തീരുമാനം. ഒബാമ ഭരണകൂടം മരവിപ്പിച്ച ആയുധ ഇടപാടിന് യു.എസ് സെനറ്റ് അനുമതി നല്‍കി.
5.1 കോടി ഡോളറിന്റെ ആയുധ കച്ചവടത്തിനാണ് സെനറ്റ് നേരിയ ഭൂരിപക്ഷത്തോടെ അനുമതി നല്‍കിയത്. ഇതോടെ കോടിക്കണക്കിനു രൂപയുടെ സ്മാര്‍ട് ബോംബുകള്‍ സഊദിയിലേക്ക് ഒഴുകും.ഈ മാസം അവസാനത്തോടെ ബോംബുകള്‍ സഊദിയിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യമന്‍ യുദ്ധത്തില്‍ നൂറുകണക്കിന് നിരപരാധികളാകും ബോംബിന്റെ ഇരകളെന്ന് യു.എസിലെ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
പ്രമേയത്തെ സെനറ്റില്‍ 53 പേര്‍ അനുകൂലിച്ചപ്പോള്‍ 47 പേര്‍ എതിര്‍ത്തു.
കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയുധ കരാര്‍ വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. 2015ലുണ്ടാക്കിയ കരാറിനെതിരേ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ഒബാമ ഇതു മരവിപ്പിച്ചത്. സഊദി എയര്‍ഫോഴ്‌സിന് 8000 സ്മാര്‍ട് ബോംബുകളാണ് നല്‍കുന്നത്. ജി.പി.എസ്, ലേസര്‍ സംവിധാനം ഉപയോഗിച്ച് സ്വയം ലക്ഷ്യസ്ഥാനത്തെത്താന്‍ ബോംബിന് കഴിവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."