ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കപ്പല്‍ സര്‍വിസ്
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം മറികടക്കുന്നതിന് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കപ്പല്‍ സര്‍വിസ് തുടങ്ങുന്നു. ഗുജറാത്തിലെ മുന്ദ്ര, മഹാരാഷ്ട്രയിലെ നവസേവ തുറമുഖങ്ങളെയും ഹമദ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ ആഴ്ചയില്‍ ഒരു സര്‍വിസാണ് ഉണ്ടാവുക. ഇതോടെ ഇന്ത്യയില്‍ നിന്നു ഖത്തറിലേക്കുള്ള ചരക്കുനീക്കം വേഗത്തിലാകും.
ഇന്ത്യ ഖത്തര്‍ എക്സ്പ്രസ് സര്‍വിസ് (ഐക്യുഎക്സ്) എന്ന പേരിലായിരിക്കും സര്‍വിസ് അറിയപ്പെടുക. എല്ലാ ശനിയാഴ്ചകളിലും ഹമദ് തുറമുഖത്തു നിന്നു പുറപ്പെടുന്ന കപ്പല്‍ വ്യാഴാഴ്ച മുന്ദ്ര തുറമുഖത്തെത്തും. മുന്ദ്രയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട് ശനിയാഴ്ച നവസേവയിലും അവിടെ നിന്ന് ഞായറാഴ്ച പുറപ്പെട്ട് വെള്ളിയാഴ്ച ഹമദ് തുറമുഖത്തും എത്തിച്ചേരും. ഖത്തറിലേക്കുള്ള ആദ്യ കപ്പലില്‍ 710 കണ്ടെയ്നറുകളാണുള്ളത്. ആവശ്യമെങ്കില്‍ കണ്ടെയ്നറുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ത്യയുടെ പടിഞ്ഞാറ്, കിഴക്കന്‍ തീരങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ മുന്ദ്ര തുറമുഖത്തു നിന്നു ശേഖരിക്കാന്‍ ഈ സര്‍വിസിലൂടെ കഴിയും. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളും മുന്ദ്രയില്‍ നിന്നു സ്വീകരിക്കും. ഹന്‍സ മഗ്ദേബര്‍ഗ്, ഹന്‍സ് ദുബര്ഗ് എന്നീ രണ്ടു കപ്പലുകളാണു സര്‍വിസ് നടത്തുക. മൂന്നു ദിവസം മുന്‍പ് ഒമാനിലെ സൊഹാറില്‍ നിന്ന് ദോഹ ഹമദ് തുറമുഖത്തേക്ക് കപ്പല്‍ സര്‍വിസ് തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."