ബഹ്‌റൈന്‍ പ്രതിപക്ഷ നേതാവിന് ജീവപര്യന്തം
മനാമ: അയല്‍രാജ്യമായ ഖത്തറിന് ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ ബഹ്‌റൈന്‍ പ്രതിപക്ഷ നേതാവടക്കം മൂന്നു മുതിര്‍ന്ന നേതാക്കള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ബഹ്‌റൈന്‍ അപ്പീല്‍ കോടതിയാണ് കേസില്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് ശൈഖ് അലി സല്‍മാനും മറ്റു പ്രമുഖ പ്രതിപക്ഷ നേതാക്കളായ ഹസന്‍ സുല്‍ത്താന്‍, അലി അല്‍ അസ്‌വദ് എന്നിവര്‍ക്കും ശിക്ഷവിധിച്ചത്. മാസങ്ങള്‍ക്കുമുന്‍പ് കേസില്‍ ശൈഖ് അലി സല്‍മാനെ ബഹ്‌റൈന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ബഹ്‌റൈന്‍ സര്‍ക്കാര്‍ നിരോധിച്ച അല്‍ വിഫാഖ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ശൈഖ് അലി സല്‍മാന്‍. 2011ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്താന്‍ ഖത്തര്‍ ഭരണകൂടവുമായി ഗൂഢാലോചന നടത്തിയെന്നാണ് അലി സല്‍മാനെതിരായ ആരോപണം. 2017ല്‍ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറുമായുള്ള നയതന്ത്രബന്ധം ബഹ്‌റൈന്‍ റദ്ദാക്കിയിരുന്നു.
ഇതിനുശേഷമാണ് വിഫാഖ് നേതാക്കള്‍ക്കെതിരായ ആരോപണം പുറത്തുവന്നത്. എന്നാല്‍, പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സര്‍ക്കാര്‍ ആരോപണമുന്നയിക്കുന്നതെന്നാണ് ഇതിനോട് വിഫാഖ് നേതൃത്വം പ്രതികരിച്ചത്. വിവിധ കേസുകളിലായി അലി സല്‍മാന്‍ 2015 മുതല്‍ തന്നെ ജയിലിലാണുള്ളത്.
2011 ഫെബ്രുവരിയില്‍ അറബ് ജനകീയ പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് ബഹ്‌റൈനിലും പ്രക്ഷോഭത്തിനു നീക്കമുണ്ടായിരുന്നു. കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബഹ്‌റൈനില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ശീഈ സമുദായമായിരുന്നു പ്രധാനമായും പ്രക്ഷോഭത്തില്‍ പങ്കാളികളായത്. എന്നാല്‍, സഊദി അടക്കമുള്ള സഖ്യരാജ്യങ്ങളുടെ സഹായത്താല്‍ ആല്‍ ഖലീഫ ഭരണകൂടം പ്രക്ഷോഭം അടിച്ചമര്‍ത്തി. സംഭവത്തില്‍ 30 സാധാരണക്കാരും അഞ്ച് പൊലിസുകാരും കൊല്ലപ്പെട്ടു. ഇതിനു പിറകെ ബഹ്‌റൈനില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരോധിക്കുകയും നിരവധി സര്‍ക്കാര്‍ വിമര്‍ശകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
രാജ്യത്തെ ഭരണഘടനാ സംവിധാനത്തെ അട്ടിമറിക്കാനായി ഖത്തര്‍ വൃത്തങ്ങളുമായി ആശയവിനിമയം നടത്തിയവരാണ് അലി സല്‍മാന്‍, ഹസന്‍ സുല്‍ത്താല്‍, അലി അല്‍ അസ്‌വദ് എന്നിവരെന്ന് കോടതിവിധിയോട് പ്രതികരിക്കവെ ബഹ്‌റൈന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. രാജ്യത്തിനെതിരായ ശത്രുതാപരമായ പ്രവര്‍ത്തനത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ബഹ്‌റൈന്‍ അധികൃതരുടെ നിയമവിരുദ്ധമായ നയത്തെയാണ് കോടതിവിധി വെളിപ്പെടുത്തുന്നതെന്ന് ആംനെസ്റ്റി മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഡയരക്ടര്‍ ഹെബ മൊറായെഫ് പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ന്യായമായ അവകാശം സമാധാനപരമായി വിനിയോഗിച്ചതിന്റെ പേരില്‍ പിടിയിലായ മനഃസാക്ഷിയുടെ തടവുകാരനാണ് ശൈഖ് അലി സല്‍മാനെന്നും ഹെബ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."