മൊബൈല്‍ ഫോണ്‍ കടകളിലെ സ്വദേശിവല്‍ക്കരണം: കൂടുതല്‍ കടകള്‍ അടപ്പിച്ചു
ജിദ്ദ: സഊദിവല്‍ക്കരണം പാലിക്കാത്ത കൂടുതല്‍ മൊബൈല്‍ ഷോപ്പു കടകള്‍ അടപ്പിച്ചതായി തൊഴില്‍ സാമൂഹിക മന്ത്രാലയം. റംസാന്‍ മുതല്‍ ജൂലൈ 30 വരെയുള്ള ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ 2983 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 2167 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകളുടെ ശിക്ഷ തീരുമാനിക്കുന്നതിന് പണിഷ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി.
അതിനിടെ സ്വദേശിവല്‍ക്കരണ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് തൊഴില്‍ സാമൂഹക വികസന മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി അറിയിച്ചു. നിശ്ചിത ശതമാനം സ്വദേശി വല്‍ക്കരണം പാലിക്കാത്തതിന് 1692 കടകള്‍ അടപ്പിച്ചു. പരിശോധനക്കിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 816 സ്ഥാപനങ്ങള്‍ക്ക് വാണിങ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുവരെ 20,984 മൊബൈല്‍ ഫോണ്‍ കടകളിലാണ് പരിശോധന നടത്തിയതെന്ന് തൊഴില്‍ സാമൂഹി വികസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി അറിയിച്ചു.
റംസാന്‍ മുതല്‍ മൊബൈല്‍ കടകളില്‍ പകുതി ശതമാനം സ്വദേശി വല്‍ക്കരണം നിര്‍ബന്ധമാക്കിയിരുന്നു. സെപ്തംബര്‍ രണ്ടിന് സമ്പൂര്‍ണ സ്വദേശി വത്ക്കരണം നടപ്പാക്കിയിരിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥ. മൊബൈല്‍ കടകളിലേക്ക് 28,000 സഊദി യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാങ്കേതിക പരിശീലനം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കടകളിലെ തൊഴിലുകളില്‍ സൗജന്യ പരിശീലനം നേടിയവരില്‍ 75.92 ശതമാനം പേര്‍ പുരുഷന്‍മാരും ബാക്കി വനിതകളുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ പരീശലനം നേടിയത് മക്ക പ്രവിശ്യയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."