മെഡി. കോളജുകളില്‍ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ തുടങ്ങും
തിരുവനന്തപുരം: സ്ട്രോക്കിന് അടിയന്തര ചികിത്സ നല്‍കുന്നതിന് കര്‍മ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ തുടങ്ങും.
ആദ്യഘട്ടമെന്ന നിലയില്‍ സ്ട്രോക്ക് സെന്റര്‍ ആരംഭിക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് അഞ്ചുകോടി രൂപ വീതം ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് യൂനിറ്റ് നാളെ ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള സ്ട്രോക്ക് യൂനിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നത്. സ്ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ ചികിത്സക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് സെന്ററില്‍ ഒരുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി സ്കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു തുടങ്ങിയ സൗകര്യങ്ങള്‍ സ്ട്രോക്ക് സെന്ററുകളിലുണ്ടാവും. മെഡിക്കല്‍ കോളജുകളിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. സ്ട്രോക്ക് വന്നതായി സംശയമുണ്ടായാല്‍ ഉടനടി ബന്ധപ്പെടുന്നതിന് ഹെല്പ് ലൈന്‍ നമ്പരും ഉടന്‍ യാഥാര്‍ഥ്യമാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ ഹെല്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."