വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ ഉറപ്പിച്ചത് കടകംപള്ളിയുടെ കരുനീക്കം
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായി മേയര്‍ വി.കെ പ്രശാന്തിനെ ഉറപ്പിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കരുനീക്കങ്ങള്‍.
സി.പി.എം. ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പ് പോരിന്റെ അവസാനമെന്ന നിലയില്‍ വി.കെ പ്രശാന്തിന് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയാകേണ്ടിവരികയായിരുന്നുവെന്നും തിരുത്തി വായിക്കാം.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള സംഘം സമുദായ സമവാക്യവും ഗ്രൂപ്പ് താല്‍പര്യവും പരിഗണിച്ച് കരകൗശല ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ടത്തിലെ ചര്‍ച്ച മുഴുവന്‍. എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എന്നിവരുടെ പേരുകളും തുടക്കത്തില്‍ ഇതിനിടയിലേക്ക് വലിച്ചിഴച്ചെങ്കിലും സുനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു.
എന്നാല്‍ അവസാനഘട്ടത്തിലാണ് ഇതിനെതിരായ നീക്കം കടകംപള്ളിയുടെ നേതൃത്വത്തിലുള്ള എതിര്‍ സംഘം തുടങ്ങിയത്. സുനില്‍കുമാറിനെക്കാള്‍ വിജയസാധ്യതയുള്ളതും മികച്ച സ്ഥാനാര്‍ഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വി.കെ മധുവാണെന്ന ചര്‍ച്ചയാണ് ഇവര്‍ ഉയര്‍ത്തിവിട്ടത്. അതു പിന്നീട് പൂര്‍ണമായ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെന്ന തരത്തിലേക്ക് മാറ്റി, സമുദായ സമവാക്യങ്ങള്‍പോലും ബലികഴിച്ച് വി.കെ പ്രശാന്തിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിനു ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ അനുമോദനം ലഭിച്ചയാളാണ് വി.കെ പ്രശാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന പേരുകളില്‍ ഒന്നെന്ന നിലയില്‍ തനിക്കുണ്ടായേക്കാവുന്ന അപകടത്തെ കടകംപള്ളി വട്ടിയൂര്‍ക്കാവിലൂടെ ഒഴിവാക്കുകയായിരുന്നു എന്നും സംസാരമുണ്ട്.
വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് വിജയിച്ചാലും ഇല്ലെങ്കിലും ഇത് സാധ്യമാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല, പ്രശാന്ത് വിജയിക്കുന്നപക്ഷം ഒഴിവുവരുന്ന മേയര്‍ സ്ഥാനത്തേക്ക് തന്റെ നോമിനിയെ നിയമിക്കാനും കടകംപള്ളി ലക്ഷ്യമിടുന്നുണ്ട്.
അതിനുപുറമെ, എതിര്‍ ഗ്രൂപ്പില്‍പ്പെട്ട സുനില്‍കുമാറിനെ വിദഗ്ധമായി ഒഴിവാക്കാന്‍ കഴിഞ്ഞു എന്നതും കടകംപള്ളിക്കും ഗ്രൂപ്പിനും നേട്ടമായിട്ടുണ്ട്. മേയറായതിനു ശേഷം വി.കെ പ്രശാന്തിന് ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും വട്ടിയൂര്‍ക്കാവിലെ സമുദായ പരിഗണനക്കുമപ്പുറത്താണെന്നും അതിലൂടെ പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായി ഉറപ്പാക്കാനാകുമെന്നും, അതുകൊണ്ടുതന്നെ ജയസാധ്യത കൂടുതലാണെന്നുമാണ് കടകംപള്ളി വിഭാഗത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."