ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി വെളിച്ചെണ്ണ വില; വലക്കുന്നത് കര്‍ഷകരെ
കല്‍പ്പറ്റ: ഒരു വര്‍ഷത്തിന് ശേഷം വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്. 270 രൂപ വരെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് നിലവില്‍ 170 രൂപ വരെയായി വില കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ലിറ്ററിന് 70 രൂപ വരെ കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. വെളിച്ചെണ്ണക്ക് രണ്ടു മാസം മുന്‍പു വരെ 240 രൂപയായിരുന്നു മാര്‍ക്കറ്റ് വിലയുണ്ടായിരുന്നത്. എന്നാല്‍ വിദേശത്ത് നിന്നുള്‍പ്പടെയുള്ള തേങ്ങയുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചതാണ് ഇത്തരത്തില്‍ വെളിച്ചണ്ണയുടെ വില കുത്തനെ കുറയാന്‍ കാരണമായി പറയുന്നത്. ഇതോടെ വെളിച്ചണ്ണ ഉപയോഗിച്ച് നിര്‍മിക്കുന്ന അനുബന്ധ വസ്തുക്കളുടെയും വിലയിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. ജില്ലയില്‍ വ്യാപകമായി തേങ്ങക്ക് മണ്ടലി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ബാധിക്കുന്നത് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ വെളിച്ചെണ്ണയുടെ വിലയില്‍ വന്‍ ഇടിവും സംഭവിച്ചത്.
കര്‍ഷകരെ ഇത് ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ടങ്കിലും ഉപഭോക്താക്കള്‍ വലിയ ആശ്വാസത്തിലാണ്. തേങ്ങയുടെ വിലയിലും ഗണ്യമായ മാറ്റമാണ് മാര്‍ക്കറ്റില്‍ വന്നിരിക്കുന്നത്. കേര വൃക്ഷത്തിന് മണ്ടലിയും തൂമ്പ് കരിച്ചിലും തുടങ്ങി കുരങ്ങുകളുടെ ശല്യവും സഹിക്കവയ്യാതിരിക്കുമ്പോഴാണ് വെളിച്ചണ്ണ വിലയില്‍ ഇത്തരത്തില്‍ വന്‍ ഇടിവ് വന്നത്. ഇത് സാധാരണക്കാരായ കേര കര്‍ഷകരെ ഏറെ വലക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.
കുരങ്ങുകള്‍ കൂട്ടത്തോടെ എത്തി ഇളനീര്‍ പാകമാവുന്നതിന് മുന്‍പേ തന്നെ നശിപ്പിക്കുന്നതായി വ്യാപകമായ പരാതി നിലനില്‍ക്കുന്നതിനിടക്കാണ് പ്രഹരമായ രീതിയില്‍ വെളിച്ചെണ്ണ വിലയും താഴ്ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."