തേയില കര്‍ഷകര്‍ക്കെതിരേ ചൂഷണത്തിന് കളമൊരുങ്ങുന്നു
മാനന്തവാടി: ജില്ലയിലെ ചെറുകിട തേയില കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തേയിലച്ചപ്പ് സ്വകാര്യമായി സംഭരിക്കുന്നവര്‍ക്ക് അവസരമൊരുക്കി ടീബോര്‍ഡ്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ടീ ബോര്‍ഡിന്റെ സബ് റീജ്യനല്‍ ഓഫിസ് അടച്ചു പൂട്ടിയതോടെയാണ് ചൂഷണത്തിന് കളമൊരുങ്ങുന്നത്. നേരത്തെ മേഖലാ ഓഫിസ് നടത്തിയിരുന്ന വിലനിര്‍ണയത്തിന് അനുസരിച്ചായിരുന്നു കര്‍ഷകര്‍ക്ക് പച്ചത്തേയിലക്ക് വില ലഭിച്ചരുന്നത്. ഇത് മേഖലയിലെ ചൂഷണം തടയാന്‍ സഹായിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓഫിസ് അടച്ചുപൂട്ടി ഗൂഡല്ലൂരിലുള്ള റീജ്യനല്‍ ഓഫിസില്‍ ലയിപ്പിച്ചതോടെ ചെറുകിട കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്.
തേയില പുനര്‍കൃഷിക്കും കവാത്തിനുമുള്ള ആനുകൂല്യം, കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിവക്കെല്ലാം ജില്ലയിലെ കര്‍ഷകര്‍ മാനന്തവാടിയിലെ മേഖലാ ഓഫിസ് വഴിയാണ് അപേക്ഷ നല്‍കിയിരുന്നത്. ഓഫിസ് പൂട്ടിയതോടെ ടീ ബോര്‍ഡില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഇനി ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഗൂഡല്ലൂരിലെത്തേണ്ട സ്ഥിതിയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മാനന്തവാടിയിലെ ഓഫിസ് നവംബര്‍ ഒന്നു മുതല്‍ അടച്ചുപൂട്ടണമെന്ന് കാണിച്ച് ടീ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് തേയില കര്‍ഷക സംഘടനാ പ്രതിനിധികള്‍ ബന്ധപ്പെട്ട അധികൃതരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉത്തരവ് മരവിപ്പിക്കാനോ ഓഫിസ് ലയിപ്പിക്കുന്നത് ഒഴിവാക്കാനോ അധികൃതര്‍ തയാറായിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീ ബോര്‍ഡിന് കേരളത്തില്‍ മാനന്തവാടിയിലും ഇടുക്കി കുമളിയിലുമായിരുന്നു സബ് റീജ്യനല്‍ ഓഫിസുണ്ടായിരുന്നത്. മാനന്തവാടി ഓഫിസ് അടച്ചു പൂട്ടിയതോടെ കേരളത്തില്‍ ടീ ബോര്‍ഡിന്റെ ഓഫിസ് കുമുളിയില്‍ മാത്രമൊതുങ്ങി.
ഓഫിസ് മാറ്റം ജില്ലയിലെ കര്‍ഷകര്‍ക്കൊപ്പം ബോര്‍ഡിനും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുക. തേയിലത്തോട്ടങ്ങളുടെ പരിശോധനക്കും മറ്റുമായി ടീ ബോര്‍ഡ് ജീവനക്കാര്‍ ഇനി ഗൂഡല്ലൂരില്‍ നിന്ന് വയനാട്ടിലെത്തണം. വാഹന വാടകയും ജീവനക്കാരുടെ യാത്ര ബത്തയും മറ്റുമുള്‍പ്പെടെ വന്‍തുക ടീ ബോര്‍ഡിന് സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വെക്കുക.
വയനാട്ടിലെ ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ഉപകാരപ്രദമായ മാനന്തവാടിയിലെ സബ് റീജ്യനല്‍ ഓഫിസ് അടച്ചു പൂട്ടിയ നടപടി ടീ ബോര്‍ഡ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."