മഅ്ദനിക്ക് പിന്തുണയുമായി ജന്മനാട്
സേവ് മഅ്ദനി ഫോറത്തിന്റെ പ്രതിഷേധ സമ്മേളനവും റാലിയും നാളെ
ശാസ്താംകോട്ട (കൊല്ലം): ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി മഅ്ദനിയുടെ ജന്മനാട്.
സേവ് മഅ്ദനി ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മഅ്ദനിയും മനുഷ്യനാണ്, മഅ്ദനിയുടെ ജീവന് രക്ഷിക്കുക, കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
നേരത്തെയുണ്ടായിരുന്ന പല അസുഖങ്ങളും ഇപ്പോള്‍ വളരെയധികം മൂര്‍ച്ഛിച്ചു. പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റലിലാണ് മഅ്ദനി ഇപ്പോള്‍ ചികിത്സയിലുള്ളത്. വിചാരണ നീളുന്നത് മൂലം ചികിത്സയും കൃത്യമായി നടത്താന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പി.ഡി.പി ഭാരവാഹികള്‍ പറഞ്ഞു.
നാളെ വൈകുന്നേരം മൂന്നിന് മൈനാഗപ്പള്ളി ഐ.സി.എസില്‍ നിന്ന് ശാസ്താംകോട്ടയിലേക്കാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ പ്രതിഷേധ സമ്മേളനം നടക്കും.
അഡ്വ.ശ്രീജിത്ത് പെരുമന ഉദ്ഘാടനം ചെയ്യും. കാരാളി ഇ.കെ സുലൈമാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. കെ.ഡി.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.അംബുജാക്ഷന്, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."