മദ്‌റസാധ്യാപകര്‍ക്കുള്ള പലിശരഹിത ഭവനവായ്പാ വിതരണം മുടങ്ങി
ജൂലൈയില്‍ വിതരണം ചെയ്യേണ്ടിയിരുന്ന വായ്പയ്ക്ക് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചില്ല
#നജീബ് അന്‍സാരി
മാള (തൃശൂര്‍): കേരള മദ്‌റസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പലിശരഹിത ഭവന വായ്പാ പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴിയാണ് കേരള ക്ഷേമനിധി അംഗങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലിശരഹിത ഭവന വായ്പ നല്‍കി വന്നിരുന്നത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ അപേക്ഷ ക്ഷണിച്ച് അര്‍ഹരായവര്‍ക്ക് ജൂലൈ മാസത്തില്‍ ഭവന വായ്പ നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ അപേക്ഷ ക്ഷണിക്കുകയോ വായ്പ വിതരണം നടത്തുകയോ ചെയ്തിട്ടില്ല. വീട് നിര്‍മാണം എന്ന സ്വപ്നവുമായി ഭവന വായ്പ പ്രതീക്ഷിച്ചിരുന്ന നൂറുകണക്കിന് അംഗങ്ങള്‍ക്ക് ഇത് ഇരുട്ടടിയായിരിക്കുകയാണ്.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പലിശരഹിത ഭവന വായ്പ മുടങ്ങിയതെന്നാണ് സൂചന.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോര്‍പ്പറേഷനില്‍ കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് പലിശരഹിത ഭവന വായ്പക്ക് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ വന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വസ്തുത മറച്ചുവച്ച് സാങ്കേതിക തടസങ്ങള്‍ മൂലമാണ് പദ്ധതി മുടങ്ങിയതെന്ന ഒഴുക്കന്‍ മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷം രൂപ വീതം നൂറുപേര്‍ക്കാണ് വായ്പ നല്‍കിയത്. 40 വയസ് പൂര്‍ത്തിയായ അംഗത്വം എടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇപ്പോള്‍ പ്രായപരിധി 38 ആക്കി കുറച്ചിട്ടുണ്ട്. മദ്‌റസാധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കി വരുന്ന ഏറ്റവും പ്രധാന പദ്ധതിയാണ് ഈ വര്‍ഷം തടയപ്പെട്ടിരിക്കുന്നത്. ക്ഷേമനിധി അംഗങ്ങള്‍ക്ക് ഭവന വായ്പ ലഭ്യമാക്കാന്‍ വകുപ്പ് മന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."