മോട്ടോര്‍വാഹന നിയമം: ഏഴ് ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കണമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമത്തിലെ ഏഴ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയായി കുറയ്ക്കുന്നതിന് ശുപാര്‍ശ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കൈമാറിയ റിപ്പോര്‍ട്ട് നിയമ മന്ത്രി എ.കെ ബാലന് പരിശോധനക്കായി കൈമാറും.
നിയമവകുപ്പിന്റെ തീരുമാനത്തിനു ശേഷമായിരിക്കും പിഴ പകുതിയാക്കുന്നകാര്യം പുതിയ വിജ്ഞാപനമായി സര്‍ക്കാര്‍ പുറത്തിറക്കുക. അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിജ്ഞാപനമിറക്കുന്നതിന് ബാധകമാകുമോയെന്നും പരിശോധിക്കും. പുതിയ വിജ്ഞാപനമിറക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് ഗതാഗതവകുപ്പ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്‍കുന്നതിന് കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."