വിദ്യാര്‍ഥികള്‍ക്കു ഭീഷണിയായി ചിറക്കല്‍ നടപ്പാലം
താനൂര്‍: ഇനി പറയാതിരിക്കാന്‍ വയ്യ.. ദുരന്തങ്ങളുണ്ടാവും മുന്‍പ് അധികാരികള്‍ കണ്ണ ് തുറന്നാല്‍ കണ്ണീരുകള്‍ക്കു വിലപറയേണ്ടി വരില്ല. താനൂര്‍ ചിറക്കല്‍ നടപ്പാലമാണു മുന്നൂറിലധികം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാവുന്നത്.
ഫഖീര്‍ പള്ളി, ഫാറൂഖ് പള്ളി ഒട്ടുംപുറം പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ചിറക്കലിലെ സ്‌കൂളിലെത്തണമെങ്കില്‍ താനൂര്‍ നഗരം ചുറ്റി കിലോ മീറ്ററുകളോളം സഞ്ചരിക്കണം. ഇതിനു പരിഹാരമായി നാട്ടുകാര്‍ ചേര്‍ന്നാണു ബദര്‍ പള്ളി പരിസരത്തു നിന്നും കനോലി കനാലിനു കുറുകെ നടപ്പാലം പണിതത്. വെള്ളത്തില്‍ നാട്ടിയ മുളക്കാലുകളില്‍ നിര്‍മിച്ച പാലമാണിത്. മുളക്കാലുകള്‍ ദ്രവിച്ച് പാലം തകരുമ്പോള്‍ പ്രദേശവാസികള്‍ വീണ്ടും പണിയും. എന്നാല്‍ ഈ വര്‍ഷം പാലം തകരുകയും പുനര്‍ നിര്‍മിക്കാനാവാത്ത വിധം പലകകളും മറ്റും ദ്രവിച്ചു പോവുകയും ചെയ്തു.
പക്ഷേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലെത്താന്‍ പരിഹാരമായി നാട്ടുകാര്‍ ചേര്‍ന്നു ചാക്കുകളില്‍ മണല്‍ നിറച്ച് വെള്ളത്തില്‍ മതില്‍ പോലെ കെട്ടിയുണ്ടാക്കിയാണു പരിഹാരം കണ്ടത്. എന്നാല്‍ കാലവര്‍ഷം ശക്തിയായതോടെ ഉണ്ടാക്കിയ ബണ്ടുകള്‍ക്കു മുകളിലേക്കും വെള്ളമുയര്‍ന്നിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ നിന്നു രായിരമംഗലം യു.പി, എല്‍.പി സ്‌കൂളിലേക്കെത്തുന്ന മുന്നൂറിലേറെ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്കെയക്കുന്നത് പേടിയോടെയാണ്.
കുട്ടികള്‍ പാലം കടക്കുന്നത് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ്. ചാക്കുകളില്‍ നിന്നു കാല് വഴുതി വെള്ളത്തില്‍ വീണ് അപകടമുണ്ടാവുന്നതും പതിവാണ്.
ഇതു കാരണം ഈ വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കുമെന്നു പറഞ്ഞ കുട്ടികളെ സുരക്ഷിതത്വം കണക്കിലെടുത്ത് നഗരത്തിലെ മറ്റു സ്ഥാപനങ്ങളില്‍ ചേര്‍ത്തതായി അധ്യാപകര്‍ പറഞ്ഞു. ഇത്തരത്തില്‍ 25 കുട്ടികളാണ് ഈ വര്‍ഷം സ്‌കൂളില്‍ നിന്നും പോയത്. എല്ലാത്തിനും പരിഹാരമായി സ്‌കൂള്‍ ബസ് അനുവദിക്കണമെന്നു എം.എല്‍.എയോട് സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ക്രീറ്റ് പാലം വരികയാണെങ്കില്‍ ബസിന്റെ ആവശ്യമില്ലെന്നാണ് എം.എല്‍.എ മറുപടി കൊടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ദുരന്തങ്ങളുണ്ടാവുന്നതിനു മുന്‍പ് അധികാരികള്‍ കണ്ണു തുറക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."