മഞ്ചേശ്വരം 'കള്ളവോട്ട് ' കോടതി കയറ്റിയ മണ്ഡലം; എന്നിട്ടും ബൂത്തുകളില്‍ വെബ്കാമറയില്ല
#ടി.കെ ജോഷി
കാസര്‍കോട്: കള്ളവോട്ട് ആരോപണം കോടതി കയറ്റിയ മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ വിണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഒറ്റ ബൂത്തില്‍ പോലും വെബ് കാസ്റ്റിങ് ഇല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് വ്യാപകമായി കള്ളവോട്ടു ചെയ്തുവെന്ന് ആരോപിക്കുന്ന ബി.ജെ.പി പോലും ഒറ്റ ബൂത്തില്‍ പോലും വെബ് കാമറകള്‍ സ്ഥാപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് ഏറെ കൗതുകം. 2016ല്‍ മുസ്‌ലിം ലീഗിലെ പി.വി അബ്ദുള്‍ റസാഖ് 89 വോട്ടിനായിരുന്നു ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്താണ് അബ്ദുള്‍ റസാഖ് ജയിച്ചതെന്നാരോപിച്ചായിരുന്നു തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍തന്നെ ശ്രദ്ധാകേന്ദ്രമായി. എന്നാല്‍ കള്ളവോട്ടു നടന്നുവെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല.
ഇതിനിടെ അബ്ദുള്‍ റസാഖ് മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആരോപണം തെളിയിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടില്ലെങ്കിലും കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിനാലാണ് ആറു മാസത്തിനുള്ളില്‍ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീണ്ടത്. ഒടുവില്‍ 21ന് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ 198 ബൂത്തുകളില്‍ ഒന്നു പോലും പ്രശ്‌നബാധിത ബൂത്തുകളായില്ല. 42 ബൂത്തുകള്‍ പ്രശ്‌നസാധ്യതാ ബൂത്തുകളാക്കി കണക്കാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്തെ കള്ളവോട്ട് കേസ് നടക്കുന്നതിനിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ പോലും വെബ് കാസ്റ്റിങ് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വെബ് കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍,കല്യാശേരി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട് എന്നീ നിയോജക മണ്ഡലങ്ങളില്‍ പെടുന്ന ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു പരിശോധിച്ചിരുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഒറ്റ ബൂത്തും അതീവ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടില്ലെന്നും അതിനാലാണ് വെബ് കാസ്റ്റിങ് ഇല്ലാത്തതെന്നും ജില്ലാ വരണാധികാരി കൂടിയാ കലക്ടര്‍ ഡോ.സജിത് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."