നവീകരണം പൂര്‍ത്തിയായില്ല: പാതയില്‍ 'പാതാളക്കുഴി'കള്‍ രൂപപ്പെട്ടു
കാസര്‍കോട്: നവീകരണ ജോലികള്‍ പൂര്ത്തിയാകുന്നതിനുമുന്പു തന്നെ പാതയില്‍ പാതാളക്കുഴികള്‍ രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് ചെറുകിട വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി. കാസര്‍കോട്ടുനിന്നു കാഞ്ഞങ്ങാട് സൗത്ത് വരെ കെ.എസ്.ടി.പി നേതൃത്വത്തില്‍ നവീകരണ ജോലികള്‍ നടന്നുവരുന്ന പാതയിലാണ് കൂറ്റന്‍ കുഴികള്‍ രൂപപ്പെട്ടത്.
ചെമ്മനാട് ഭാഗത്താണ് പാതയില്‍ കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ളത്.
കഴിഞ്ഞ നാലുവര്‍ഷത്തോളമായി കെ.എസ്.ടി.പി നേതൃത്വത്തില്‍ നവീകരണ ജോലികള്‍ നടന്നു വരികയാണ് . എന്നാല്‍ പല ഭാഗങ്ങളിലും ഇപ്പോഴും ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. അതിനിടയിലാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയായ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടത്.
പാതയുടെ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങളില്‍ രണ്ടുവര്‍ഷത്തിനിടെ ഒട്ടനവധി അപകടങ്ങള്‍ നടക്കുകയും നാല്പതോളം പേര് അപകടങ്ങളില്‍ മരിക്കുകയും ചെയ്തിരുന്നു. പാത നവീകരിക്കുമ്പോഴുണ്ടായ ആസൂത്രണമില്ലായ്മയാണ് പാതയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പൊതുവെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടയിലാണ് പാതയില്‍ പല ഭാഗങ്ങളിലും ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടത്. ടാറിങിലെ അപാകതയാണ് നവീകരണ ജോലി കഴിഞ്ഞ ഭാഗങ്ങളില്‍ പെടുന്നന്നെ കുഴികള്‍ രൂപപ്പെടാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."