മരടില്‍ നടപടി തുടങ്ങി: നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതി വിച്ഛേദിച്ചു, വെള്ളവും മുടക്കി: പ്രതിഷേധം കനപ്പിച്ച് ഉടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റിലെ താമസക്കാരെ പുകച്ചു ചാടിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നടപടി ഇന്ന് പുലര്‍ച്ചെയോടെ തുടങ്ങി. നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതി കെ.എസ്.ഇ.ബി വിഛേദിച്ചു. വലിയ പൊലിസ് സന്നാഹത്തിലായിരുന്നു നടപടി. സമീപ പ്രദേശത്തെ വൈദ്യുതി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് രഹസ്യ ഓപ്പറേഷനിലൂടെ വൈദ്യുതി വിച്ഛേദിച്ചത്. നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. രണ്ടു ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും മുടക്കിയിട്ടുണ്ട്.
അതേ സമയം ഇതുകൊണ്ടൊന്നും ഫ്ളാറ്റില്‍ നിന്ന് ഇറങ്ങുമെന്ന് പൊലിസോ സര്‍ക്കാരോ കോടതികളോ വിചാരിക്കേണ്ടെന്നും ഒരു ചോരപ്പുഴ ഒഴുക്കാനുള്ള തയാറെടുപ്പിനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഫ്ളാറ്റ് ഉടമകള്‍ പറയുന്നു. മരടില്‍ കുറേ ശവങ്ങളെ വീഴ്ത്തിയെങ്കിലേ അധികാരികള്‍ പിന്തിരിയുകയുള്ളൂവെങ്കില്‍ കാണാന്‍ കാത്തിരുന്നുകൊള്ളൂ എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതിക്രൂരമായ നടപടിയാണിത്. മനുഷ്യത്തരഹിതമാണ്. ഞങ്ങളും ഇന്ത്യന്‍ പൗരന്‍മാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാന്‍ എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തത്. ഞങ്ങള്‍ക്ക് നീതി വേണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു.
നാളെയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. നാളെ സുപ്രീം കോടതി മരട് ഫ്‌ളാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെയും നഗരസഭയുടെയും അതിവേഗ നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."