മങ്കടയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു
റോഡുകള്‍ നവീകരിക്കാനും തീരുമാനം
മങ്കട: മങ്കട മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മങ്കട ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്നു. വൈലോങ്ങര - ഓരാടം പാലം ബൈപ്പാസ് സര്‍വേ തുടങ്ങിയ സാഹചര്യത്തില്‍ മാനത്തു മംഗലം - ഓരാടം പാലം ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കാന്‍ യോഗത്തില്‍ ധാരണയായി. മണ്‍സൂണ്‍ ആരംഭിച്ചതോടെ മണ്ഡലത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ട റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും റോഡിലെ വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കാനും യോഗത്തില്‍ തീരുമാനമായി. മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി, ജി.എല്‍.പി.എസ് മങ്കട, മങ്കട ചേരിയം ഹൈസ്‌കൂള്‍, അങ്ങാടിപ്പുറം ഐ.എച്ച്.ആര്‍.ഡി ബ്ലോക്ക്, പനങ്ങാങ്ങര ജി.യു.പി സ്‌കൂള്‍, എന്നിവയുടെ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.
മണ്ഡലത്തില്‍ പി.ഡബ്ല്യു ഏറ്റെടുക്കേണ്ട റോഡുകളുടെ റിപ്പോര്‍ട്ട് തയാറാക്കി ചീഫ് എന്‍ജിനിയര്‍ വഴി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. മക്കരപ്പറമ്പ് ബൈപ്പാസിന്റെ ഇന്‍വെസ്റ്റിഗേഷനു അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചുളള തുടര്‍ നടപടികള്‍ചീഫ് എന്‍ജിനിയറുടെ ഓഫിസില്‍ നടന്നു വരുന്നതായും കൂട്ടിലങ്ങാടി പാലം പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റ് തയാറായി വരുന്നുണ്ടെന്നും ഓരാടം പാലം വീതി കൂട്ടുന്നതിനായി അഞ്ചു ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മങ്കട ആശുപത്രിയുടെ പൂര്‍ത്തീകരിച്ച കെട്ടിടം തുറക്കാനും ആസ്തി വികസന ഫണ്ടില്‍ വിവിധ സ്‌കൂളുകള്‍ക്കു അനുവദിച്ച കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചാല്‍ നിര്‍മാണം വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. മക്കരപ്പറമ്പ് പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ എല്‍.എസ്.ജി.ഡി അസി.എക്‌സി. എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ മങ്കട ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം മുഖേന ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ച്, ബ്ലോക്ക് മുേഖന ശമ്പളം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്തിനു നിര്‍ദ്ദേശം നല്‍കി. പോളിടെക്‌നിക്കില്‍ നടക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തികരിക്കും.
രണ്ടരക്കോടി ഉപയോഗിച്ച് നിര്‍മിക്കുന്ന സിവില്‍ ബ്ലോക്ക്, അഞ്ചരക്കോടി ചെലവഴിച്ച് നിര്‍മിക്കുന്ന സില്‍വര്‍ ജൂബിലി ബ്ലോക്ക് എന്നിവയുടെ നിര്‍മാണവും വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അസ്‌കറലി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹബീബ കരുവള്ളി, രാജഗോപാലന്‍, പി. സുഹ്‌റാബി, എം.കെ രമണി, ബ്ലോക്ക് അംഗങ്ങളായ ശശിമേനോന്‍, പി. സലാം മാസ്റ്റര്‍, പി.ഡബ്ല്യു റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരീഷ്, എ.എക്‌സി. നാരായണന്‍, എ.ഇ ജോമോന്‍ തോമസ്, എ.ഇ ഹംസ, നൂറുദ്ദീന്‍, പി.ഡബ്ല്യു.ഡി ബില്‍ഡിങ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഗീത, എ.എക്‌സി അനില്‍കുമാര്‍, തദ്ദേശ വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.നീന, എ.ഇമാരായ എന്‍ അനില്‍കുമാര്‍, പി.സി ജോണ്‍സണ്‍, പി മുരളീധരന്‍, ഷെറീന ബീഗം, പി. മുജീബ് റഹ്മാന്‍, എന്‍.എച്ച്് വിഭാഗം എ.ഇ അനീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."