ഫ്‌ളാറ്റില്‍ ഒരു ദിവസം പോലും താമസിക്കാനാകാത്തവര്‍ മുതല്‍, ഉള്ളതെല്ലാം വിറ്റുപെറുക്കി കിടപ്പാടം നേടിയവരും
കൊച്ചി: 'കട്ടും കൊള്ളയടിച്ചുമൊന്നുമല്ല ഈ കിടപ്പാടം സ്വന്തമാക്കിയത്, ഉള്ളതെല്ലാം വിറ്റുപെറുക്കി വാങ്ങിയതിനാല്‍ ഇവിടുന്ന് ഇറക്കിവിട്ടാല്‍ പോകാന്‍ പോലും ഇടമില്ല. എല്ലാവര്‍ക്കും അവനവന്റെ കിടപ്പാടം വലുതല്ലേ. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും. ഞങ്ങളെ ഇറക്കിവിട്ടാല്‍ എവിടെ പോകാനാണ്'
നഷ്ടപരിഹാരം ലഭിക്കാതെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങുന്ന പ്രശ്‌നമില്ലെന്നും പൊളിക്കാന്‍ നടപടികളാരംഭിച്ച മരടിലെ ജെയിന്‍ കോറല്‍ ഫ്‌ളാറ്റ് സമുച്ചയത്തിലിരുന്ന് 63കാരനായ കെ.വി സുധന്‍ വ്യസനത്തോടെ പറയുമ്പോള്‍ പുറത്ത് കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കുന്ന മുന്നറിയിപ്പ് നോട്ടിസ് പതിക്കുകയായിരുന്നു.
ആറുവര്‍ഷം മുമ്പാണ് ഞാന്‍ ഈ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. 43 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണിത്. ഭൂമി വാങ്ങി വീടുവയ്ക്കാന്‍ സാമ്പത്തികശേഷിയില്ലാതിരുന്നതിനാലാണ് അന്നുവരെയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് 55 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് സ്വന്തമാക്കിയത്.
ഇത്തരത്തിലൊരു വഞ്ചന ഇതിലുണ്ടെന്ന് കരുതിയില്ല. രേഖകളെല്ലാം പരിശോധിച്ചിരുന്നു. വെള്ളവും വൈദ്യുതിയും മുന്‍സിപ്പാലിറ്റി നമ്പരുമൊക്കെ ലഭ്യമായതിനാല്‍ സംശയം തോന്നിയില്ല. ബാങ്ക് വായ്പ അനുവദിച്ചതിനാല്‍ വിശ്വാസം വര്‍ധിക്കുകയായിരുന്നു.
എന്തെങ്കിലും ചെറിയ പോരായ്മകളുണ്ടെങ്കില്‍ ബാങ്കുകള്‍ സാധാരണഗതിയില്‍ വായ്പ നിരസിക്കാറുണ്ടല്ലോ. വിഷാദരോഗികൂടിയായ ഭാര്യ സബിതയുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ഫ്‌ളാറ്റുവാങ്ങിയത്. ഇവിടെ താമസം തുടങ്ങിയതില്‍ പിന്നെ ഭാര്യയുടെ രോഗം ഭേദമായി വരുകയായിരുന്നു. മരുന്നിന്റെ അളവും കുറച്ചിരുന്നു. എന്നാല്‍ കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയെപ്പറ്റിയൊന്നും അവളോട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും സുധന്‍ പറഞ്ഞു.
കായല്‍ നികത്തിയാണ് ഫ്‌ളാറ്റുവച്ചതെന്ന് തന്നെപ്പോലുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നും ചോരനീരാക്കിയുണ്ടാക്കിയ ലക്ഷങ്ങള്‍ മുടക്കി ആരെങ്കിലും ഇങ്ങനെ ബുദ്ധിമോശം കാണിക്കുമോ എന്നും സുധന്‍ ചോദിക്കുമ്പോള്‍ അതേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തന്നെ ഫ്‌ളാറ്റ് സ്വന്തമാക്കിയ ജോര്‍ജ് കോവൂറിന് പറയാനുള്ളത് ഒരിക്കല്‍പോലും താമസിക്കാതെ പടിയിറങ്ങുന്നതിന്റെ സങ്കടകഥയാണ്.
വിദേശത്ത് എന്‍ജിനീയറായിരുന്ന ജോര്‍ജ് കോവൂര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ താമസിക്കാനാണ് 2007ല്‍ 40ലക്ഷം രൂപ മുടക്കി ഫ്‌ളാറ്റ് വാങ്ങുന്നത്.
മൂന്നു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമെന്നായിരുന്നു നിര്‍മാണ കമ്പനിയുമായുള്ള കരാര്‍.
2012ല്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഫ്‌ളാറ്റ് ലഭ്യമായില്ല. ഫയര്‍ സുരക്ഷാ സംവിധാനം പൂര്‍ത്തിയായില്ലെന്നായിരുന്നു ആദ്യം പറഞ്ഞകാരണം. പിന്നീട് ഫ്‌ളാറ്റ് സന്ദര്‍ശിച്ചപ്പോള്‍ ഭിത്തിയില്‍ ലീക്ക് കണ്ടെത്തി.
തുടര്‍ന്ന് പരുക്ക് മാറ്റിത്തരാമെന്ന് നിര്‍മാണ കമ്പനി പറഞ്ഞെങ്കിലും ഇന്നുവരെ ശരിയാക്കി തന്നില്ല. ചോദിക്കുമ്പോഴൊക്കെ ഉടന്‍ കൈമാറുമെന്നാണ് പറഞ്ഞത്.
പണം കൈമാറി 12 വര്‍ഷം കഴിഞ്ഞിട്ടും ഒരു ദിവസം പോലും ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ആകെ 122 ഫ്‌ളാറ്റുകളാണ് ജെയിന്‍ കോറല്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുള്ളത്. ഇതില്‍ 72 എണ്ണം മാത്രമാണ് വിറ്റുപോയത്. 50 ഫ്‌ളാറ്റുകളും പൂട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."