കുട്ടാവ് പാറക്കടവ് പാലം; കാത്തിരിപ്പ് നീളുന്നു
ഇരിക്കൂര്‍: ഇരിക്കൂര്‍, കൂടാളി, കുറ്റിയാട്ടൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കുട്ടാവ് പാറക്കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പാലം നിര്‍മിച്ചാല്‍ പത്തുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കുന്നതിന് പകരം 100 മീറ്റര്‍ മാത്രം പാലത്തില്‍ കൂടി സഞ്ചരിച്ചാല്‍ മതിയാകും.
തികച്ചും ഉള്‍പ്രദേശമായ ഇരിക്കൂര്‍ പഞ്ചായത്തിലെ കുട്ടവില് നിന്നും കൂടാളി പഞ്ചായത്തിലെ പട്ടാന്നൂര്‍ കൊളപ്പയിലേക്കും കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ നിടുകുളത്തേക്കും ഏറ്റവും എളുപ്പത്തില്‍ എത്തിചേരാനാവും. കൂടാതെ വിമാനത്താവളത്തിലേക്കും കണ്ണൂര്‍, മയ്യില്‍, തലശേരി മട്ടന്നൂര്‍ ഭാഗങ്ങളിലേക്കും യാത്ര എളുപ്പമാകും. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ നിന്നുശ്രീകണ്ഠാപുരം വഴി വരുന്നവര്‍ക്കു വിമാനത്താവളത്തിലേക്കും കണ്ണൂരിലേക്കും അഞ്ചുകിലോമീറ്ററോളം ദൂരക്കുറവുണ്ടാവും.
നല്ല അടിയൊഴുക്കും ആഴവും ഉള്ള ഇവിടെ വേനല്ക്കാലത്തു മാത്രമാണ് പാറക്കടവു വഴി നാട്ടുകാര്‍ തോണിയെ ആശ്രയിക്കുന്നത്്. നിലവില്‍ കുട്ടാവ് കടവ് വരെ ബസ് സര്‍വിസ് നടത്തുന്നുണ്ട്. മറുകരയിലെത്തുന്നതിനും തിരിച്ചുമെത്തുന്നതിന് രണ്ടുബസില് കയറി 10കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.വര്‍ഷങ്ങളായി നാട്ടുകാരുടെ മനസിലെ മോഹമാണു കുട്ടാവ് പാറക്കടവിലെ പാലമെങ്കിലും തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നതിലുപരി പിന്നീടാരും തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."