പഴശ്ശി സ്മൃതിമണ്ഡപത്തില്‍ ചരിത്രം വിവരിക്കാന്‍ ചുമര്‍ ചിത്രമൊരുങ്ങുന്നു
ഉരുവച്ചാല്‍: കേരള വര്‍മ്മ പഴശ്ശിരാജയുടെ പോരാട്ട ചരിത്രങ്ങള്‍ വിവരിക്കാന്‍ പഴശി സ്മൃതി മണ്ഡപത്തില്‍ ചുമര്‍ ചിത്രമൊരുങ്ങുന്നു. മണ്ഡപത്തിലെ ചുമരില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച് അടുത്ത മാസം ആദ്യവാരത്തില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
മട്ടന്നൂര്‍ നഗരസഭയാണ് പഴശ്ശിരാജയുടെ ചരിത്രം അടിസ്ഥാനമാക്കി ചുമര്‍ചിത്രമൊരുക്കുന്നത്. ജന്മനാട്ടിലെ ചരിത്ര സ്മാരകത്തില്‍ പഴശിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് ആലേഖനം ചെയ്യുക.
കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്മൃതിമണ്ഡപത്തിന്റെ ചുമരുകളില്‍ വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിന്റെ നാള്‍ വഴികള്‍ ആലേഖനം ചെയുന്നത്.
പഴശിയിലെ കോട്ടക്കുളത്തില്‍ പടുത്തുയര്‍ത്തിയ കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള സ്മൃതിമണ്ഡപത്തിന്റെ ചുമരുകളിലാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കെതിരേ കേരളസിംഹം നടത്തിയ ഐതിഹാസിക പോരാട്ടമുള്‍പ്പെടെയുള്ള ചരിത്രം വിവരിക്കുക.
ഈട്ടിത്തടിയില്‍ തീര്‍ത്ത പഴശിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചശേഷം ചരിത്രമ്യൂസിയമെന്നോണം സ്മൃതിമണ്ഡപത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ.
പഴശിയില്‍ നടന്ന ചുമര്‍ചിത്രരചന ചിത്രകാരന്‍ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. ചുമര്‍ചിത്രങ്ങള്‍ നശിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ ചുമര്‍ചിത്രം പുനഃസൃഷ്ടിപ്പിക്കപ്പെടുന്നുവെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
200 വര്‍ഷം മുന്‍പുള്ള ചരിത്രമാണ് ചിത്രകാരന്മാര്‍ ചുമര്‍ചിത്രപാരമ്പര്യം ചോര്‍ന്നുപോകാതെ വരയ്ക്കുന്നത്. ചരിത്രാവബോധം വളര്‍ന്നാലേ രാജ്യസ്‌നേഹമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ അധ്യക്ഷനായി. സെക്രട്ടറി എം. സുരേശന്‍, കെ.ആര്‍ ബാബു, കെ. ജോയ്കുമാര്‍, അരുണ്‍ജിത്ത്, കെ.പി രമേശ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."