കോഴിക്കോടിന് നിരാശയുടെ ലൈറ്റ്‌മെട്രോ
കോഴിക്കോട്: കൊച്ചിയുടെ വേഗസ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി ഇന്നു മുതല്‍ മെട്രോ കുതിക്കുമ്പോള്‍ കോഴിക്കോട്ടുകാരുടെ ലൈറ്റ് മെട്രോ സ്വപ്നങ്ങള്‍ കരിനിഴലില്‍ തന്നെ.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2500 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കി തറക്കല്ലിട്ട പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് ഒരു ചുവടുപോലും മുന്നോട്ടു പോകാതെ അസ്തമിച്ച അവസ്ഥയിലെത്തി നില്‍ക്കുന്നത്.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ പദ്ധതി പ്രവര്‍ത്തനങ്ങളും എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഡി.എം.ആര്‍.സി അധികൃതര്‍ കോഴിക്കോട്ടെ മേഖലാ ഓഫിസ് പൂട്ടാനൊരുങ്ങുകയാണ്. പദ്ധതി ചെലവിന്റെ 20 ശതമാനം വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും 60 ശതമാനം വായ്പയായും കണ്ടെത്തി പദ്ധതി പൂര്‍ത്തീകരിക്കാനായിരുന്ന ധാരണ.
എന്നാല്‍ മാറി വന്ന സര്‍ക്കാരുകള്‍ ഇതുവരെയും ഇതിനായി തുക അനുവദിച്ചിട്ടില്ല. പദ്ധതിയുടെ കോംബ്രിഹന്‍സീവ് മൊബിലിറ്റി പ്ലാന്‍ (സി.എം.പി) പോലും ഇതുവരെ തയാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോകള്‍ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
എട്ട് കോടി രൂപ ചെലവ് വകയിരുത്തിയ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയുടെ വിശദ പദ്ധതിരേഖ തയാറാക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആദ്യ വിഹിതം പോലും നല്‍കിയിട്ടില്ല. നിര്‍വഹണ ചുമതലയുണ്ടായിരുന്ന ഡി.എം.ആര്‍.സിയുടെ ഓഫിസ് പൂട്ടുന്ന സാഹചര്യം കൂടിയുണ്ടായതോടെ ടെലിവിഷനില്‍ കൊച്ചി മെട്രോ ഓടുന്ന കാഴ്ച കണ്ട് നിര്‍വൃതിയടയേണ്ട സാഹചര്യത്തിലാണ് ജില്ലയിലുള്ളവര്‍.
മീഞ്ചന്ത മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വരെ 15 സ്‌റ്റോപ്പുകളിലായി 14 കിലോമീറ്ററിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാര്‍ഥ്യമാക്കുന്നതിന് രാഷ്ട്രീയ ഭേദമന്യേ നടത്തിയ പ്രക്ഷോഭങ്ങളോ പോരാട്ടങ്ങളോ ലൈറ്റ് മെട്രോക്കായി ഉയര്‍ന്നിട്ടില്ലെന്നതും വസ്തുതയാണ്.
പ്രതീക്ഷയേകി മെട്രോമാന്റെ വാക്കുകള്‍
കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ തന്റെ സ്വപ്നമാണെന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ വാക്കുകള്‍ അസ്തമിച്ച ലൈറ്റ്‌മെട്രോ സ്വപ്നങ്ങളില്‍ നേരിയ വെളിച്ചം വീശുന്നുണ്ട്. ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്ട് ജില്ലകളിലും ലൈറ്റ് മെട്രോ ആവശ്യമാണെന്നും അത് യാഥാര്‍ഥ്യമാക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞത്. കേരള മോണോ റെയില്‍ കോര്‍പ്പറേഷന് (കെ.എം.ആര്‍.എല്‍) അതിനുള്ള പ്രാപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."