അനുസ്മരണം വഴിപാടായി: മൊയ്തു മൗലവി സ്മാരകത്തിന് പിന്നെയും താഴിട്ടു
കോഴിക്കോട്: സ്വാതന്ത്ര സമര സേനാനി ഇ. മൊയ്തു മൗലവിയുടെ അനുസ്മരണം നടന്നിട്ട് ഇന്നേക്ക് ഒന്‍പത് ദിവസം പിന്നിട്ടു. അനുസ്മരണ പരിപാടിക്ക് ശേഷം പതിവു തെറ്റിക്കാതെ മൗലവി സ്മാരകത്തിന് താഴിട്ടിരിക്കുകയാണ് അധികാരികള്‍.
ബീച്ച് ആശുപത്രിക്ക് സമീപം മൂന്നാലിങ്ങല്‍ കനോലിപാര്‍ക്കിനോടു ചേര്‍ന്ന് 2011 മാര്‍ച്ച് ഒന്നിന് അന്നത്തെ ജില്ലാ കലക്ടര്‍ ഡോ.പി.ബി സലീമിന്റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിച്ചത്. എന്നാല്‍ എല്ലാ വര്‍ഷവും അനുസ്മരണ പരിപാടികള്‍ നടത്താന്‍ വേണ്ടി മാത്രം കാടുവെട്ടിത്തെളിച്ചും തുടച്ചു വൃത്തിയാക്കിയും തുറന്നു കൊടുക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തവണയും പതിവ് രീതി തന്നെയാണ് അധികൃതര്‍ തുടര്‍ന്നത്.
എന്നാല്‍ അനുസ്മരണത്തിന് മാത്രം തുറന്നു കൊടുക്കുന്ന രീതി മാറ്റണമെന്നാണ് കോഴിക്കോട്ടെ ചരിത്രകാരന്‍മാര്‍ പറയുന്നത്. ഇവിടെയുള്ള മിക്ക രേഖകളും ഇന്ന് ചിതലെടുത്ത് നശിക്കുകയാണ്. ശാസ്ത്രീയമായ രീതിയില്‍ ഇവിടുത്തെ രേഖകളൊന്നും സംരക്ഷിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
മൗലവി തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ പുസ്തകങ്ങള്‍, മൗലവിക്ക് ഇ.എം.എസ് അടക്കമുള്ളവര്‍ അയച്ച കത്തുകള്‍, കേരളത്തില്‍ വിരളമായി ലഭ്യമായ പുസ്തകങ്ങള്‍ തുടങ്ങി വിലപ്പെട്ട വസ്തുക്കളാണ് ഇവിടെയുള്ളത്.
1985ല്‍ അലഹാബാദില്‍ വച്ച് നടന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സമ്മേളനത്തില്‍ മൊയ്തുമൗലവിക്ക് സമ്മാനിച്ച പ്രത്യേക ബഹുമതി തുരുമ്പെടുത്ത് നശിക്കുകയാണ്.
ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഉപകാര പ്രദമാവുന്ന തരത്തില്‍ ഇത് സംരക്ഷിക്കണമെന്നാണ് കോഴിക്കോട്ടെ ഒരു പറ്റം ചരിത്രവിദ്യാര്‍ഥികള്‍ പറയുന്നത്. നാല്‍പത് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ നടത്തിപ്പ് ചുമതല സ്ഥലം എം.എല്‍.എ ചെയര്‍മാനായുള്ള സമിതിക്കും മേല്‍നോട്ടം വഹിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുമാണ്.
എന്നാല്‍ മൊയ്തു മൗലവിയെ എക്കാലവും ഓര്‍മിക്കാന്‍ വേണ്ടത് ഈ ചരിത്ര രേഖകളുടെ സംരക്ഷണമാണെന്ന് അധികൃതര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് അനുസ്മരണത്തിന് ശേഷം വീണ്ടും താഴിട്ടതിലൂടെ വ്യക്തമാവുന്നത്. എന്നാല്‍ അധികാരികള്‍ തയാറാണെങ്കില്‍ സ്മാരകം ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധമാണെന്ന് മൗലവി റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. എം. രാജന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ ചരിത്രരേഖകളും മറ്റും ഉള്‍പ്പെടുത്തിയുള്ള സ്വാതന്ത്ര്യസമര മ്യൂസിയത്തിന് പുതുജീവനേകാന്‍ പ്രക്ഷോഭം നടത്താന്‍ വരെ തയാറാണെന്ന് കോഴിക്കോട്ടെ ഒരു പറ്റം ചരിത്രവിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."