ശബരിമലയില്‍ സുരക്ഷ ശക്തം; വനിതാ പൊലിസുകാരെത്തി
പമ്പ: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പൊലിസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആദ്യമായാണ് ശബരിമല സന്നിധാനത്ത് വനിതാ പൊലിസുകാരെ വിന്യസിക്കുന്നത്. 50 വയസ് കഴിഞ്ഞ എസ്.ഐ റാങ്കിന് മുകളിലുള്ളവരാണ് ഇവര്‍. സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ആര്.എസ്.എസ് നീക്കമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്‍കരുതല്‍.
പമ്പയില്‍ നൂറു വനിതാ പൊലിസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും.
ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലിസ് പറഞ്ഞു.
തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."