സാമുദായിക പരിഗണനയോടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാറില്ല: കോടിയേരി
തിരുവനന്തപുരം: സാമുദായിക പരിഗണനകളില്ലാതെയാണ് സി.പി.എം അഞ്ചുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യം എല്‍.ഡി.എഫ് നോക്കാറില്ല.
അതേസമയം, എറണാകുളത്ത് സാമുദായിക സമവാക്യം നോക്കിയല്ലേ സ്വതന്ത്രനെ നിശ്ചയിച്ചതെന്ന ചോദ്യത്തിന് പ്രമുഖ അഭിഭാഷകനായതിനാലാണ് എറണാകുളത്ത് മനു റോയിയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതെന്നായിരുന്നു കോടിയേരിയുടെ മറുപടി.
അരൂരില്‍ ബി.ഡി.ജെ.എസിന്റെ പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് അവരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ അവരുടെ പിന്തുണയെക്കുറിച്ചു പ്രതികരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ കേരളത്തിലെന്നും നല്ല ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് മത്സരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമായി എല്‍.ഡി.എഫിനു നല്ല ബന്ധമാണുള്ളത്. മറ്റെല്ലാ ജാതിസമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളതെന്നും എല്ലാവരുടേയും വോട്ടുകള്‍ നേടിയെടുക്കാന്‍ പാര്‍ട്ടി പരിശ്രമിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ശബരിമല ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും തെരഞ്ഞെടുപ്പ് വിധി നോക്കിയല്ല സുപ്രിംകോടതി വിധി പുറപ്പെടുവിക്കുകയെന്നും കോടിയേരി പറഞ്ഞു.
അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഫലം സംസ്ഥാന സര്‍ക്കാരിനേയോ ഭരണത്തേയോ ബാധിക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും ഇരുപത് മാസത്തിലേറെ സമയം ബാക്കിയുള്ള സാഹചര്യത്തില്‍ അതുമായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബന്ധിപ്പിച്ച് സംസാരിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പ് ഫലവും മറ്റ് അഞ്ചിടങ്ങളേയും ബാധിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."