മത്സരിക്കാനില്ലാതെ ബി.ജെ.പിയിലെ മുന്‍നിര നേതാക്കള്‍; ലക്ഷ്യം പാര്‍ട്ടിസ്ഥാനങ്ങള്‍
തിരുവനന്തപുരം: അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാതെ ബി.ജെ.പി നേതാക്കള്‍. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയസാധ്യത കാണുന്നുണ്ടെങ്കിലും പ്രധാന നേതാക്കളാരും മത്സരത്തിന് തയാറാകാത്തത് തിരിച്ചടിയാണ്. ഡിസംബര്‍ അവസാനത്തോടെ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള നീക്കമെന്ന നിലയിലാണ് ഇവരുടെയെല്ലാം പിന്‍മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍, മത്സരിക്കാനില്ലെന്ന കര്‍ശന നിലപാടാണ് കെ. സുരേന്ദ്രന്‍ സ്വീകരിച്ചത്.
താന്‍ നേരിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28,000ത്തോളം വോട്ട് നേടിയ കോന്നി മണ്ഡലത്തിലും മത്സരിക്കുന്നതിന് സുരേന്ദ്രനോട് പാര്‍ട്ടി ഐകകണ്‌ഠ്യേന അഭ്യര്‍ഥിച്ചെങ്കിലും സുരേന്ദ്രന്‍ വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും പി.എസ് ശ്രീധരന്‍പിള്ള ഒഴിവാക്കപ്പെടുമെന്ന് ഏറെക്കുറേ തീര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം മുന്നില്‍ക്കണ്ടാണ് സുരേന്ദ്രന്റെ പിന്മാറ്റമെന്നാണ് പറയുന്നത്.
എം.ടി രമേശിന്റെ കാര്യവും ഇതുപോലെയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നില്ലെന്നാണ് കുമ്മനം രാജശേഖരനും പരസ്യമായി പറഞ്ഞത്. നേതാക്കളുടെ പിന്മാറ്റം ബി.ജെ.പിക്ക് തിരിച്ചടിയാണ്. വിജയിച്ചില്ലെങ്കിലും പരമാവധി വോട്ട് നേടാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിലൂടെ പരാജയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."