മരണം കാത്തിരിക്കുന്ന വിവരാവകാശ നിയമം
#ജലീല്‍ പൂവന്‍ വയനാട്
9747996775
1990കളിലാണ് വിവരാവകാശ നിയമത്തിന്റെ തുടക്കം. രാജസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ ശക്തി സംസ്ഥാന്‍ എന്ന ബഹുജന സംഘടന, ക്ഷാമകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും തൊഴിലാളികളുടെ കണക്കുകളുടെയും രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രാജസ്ഥാനിലെ ഭീമ താലൂക്കിലാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. വിദ്യാലയങ്ങളും ആശുപത്രികളും ചെറിയ ഡാമുകളും കമ്മ്യൂണിറ്റി സെന്ററുകളും മറ്റും നിര്‍മിക്കുന്നതിനായി നിയോഗിച്ചിരുന്ന തൊഴിലാളികളുടെ പേരു വിവരങ്ങളടങ്ങിയ പട്ടികയുടെയും മറ്റു ബില്ലുകളുടെയും പകര്‍പ്പുകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരങ്ങള്‍ അറിയാനുള്ള തങ്ങളുടെ അവകാശത്തെ ഗ്രാമീണര്‍ ഉറപ്പിച്ച് പ്രഖ്യാപിച്ചു.
ഈ പദ്ധതികളൊക്കെ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് കടലാസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫണ്ടുകളില്‍ കൃത്രിമവും വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. 1994 ലും 96 ലും മസ്ദൂര്‍ കിസാന്‍ ശക്തി സംസ്ഥാന്‍ പൊതു വിചാരണ സംഘടിപ്പിക്കുകയും അവിടെ വച്ച് ഭരണാധികാരികളോട് നിലപാട് വ്യക്തമാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്ത് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ അനുവദിച്ചുകൊണ്ട് രാജസ്ഥാന്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തി. ബജറ്റ്, അക്കൗണ്ട്, ചെലവ്, നയങ്ങള്‍, ഗുണഭോക്താക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്തുകള്‍ നോട്ടിസ് ബോര്‍ഡിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥവന്നു.
1996ല്‍ മസ്ദൂര്‍ കിസാന്‍ ശക്തി സംസ്ഥാന്‍ വിവരാവകാശത്തിനായി ഡല്‍ഹിയില്‍ ഒരു ദേശീയ കൗണ്‍സില്‍ രൂപീകരിച്ചു. വിവരാവകാശ പ്രസ്ഥാനത്തെ ദേശീയതലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനു മുമ്പ് ഉപഭോക്തൃ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം, പ്രസ് കൗണ്‍സില്‍, ഷൗരികമ്മിറ്റി എന്നിവ ചേര്‍ന്ന് ഒരു വിവരാവകാശ നിയമത്തിനുള്ള കരടുരൂപം തയ്യാറാക്കി. 2002 ദുര്‍ബലമായ ഒരു വിവരാവകാശ നിയമം കൊണ്ടുവന്നു.
2004ല്‍ വിവരാവകാശ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2005 ജൂണില്‍ രാഷ്ട്രപതി ഒപ്പ്‌വച്ച് ഇന്നത്തെ രൂപത്തിലുള്ള വിവരാവകാശ നിയമം നിലവില്‍ വന്നു. മസ്ദൂര്‍ കിസാന്‍ ശക്തി സംസ്ഥാന്‍ എന്ന രാജസ്ഥാനിലെ ജനകീയ പ്രസ്ഥാനത്തിന്റെ പോരാട്ട വിജയം കൂടിയാണ് ഇന്നത്തെ വിവരാവകാശ നിയമമായി പുറത്തുവന്നതെന്ന് പറയുമ്പോള്‍ ജനാധിപത്യം ശക്തമാക്കുന്നതിന് ജനകീയ ഇടപെടലുകള്‍ക്ക് കഴിയും എന്നതിന്റെ തെളിവാണ്.
1970 കളിലും 80 കളിലുമാണ് ഏറക്കുറേ ജനകീയ മുന്നേറ്റങ്ങള്‍ ഇന്ത്യയിലുണ്ടായത്. അടിയന്തരാവസ്ഥയും ജനതാഗവണ്‍മെന്റിന്റെ പരാജയങ്ങളുമൊക്കെയാണ് ജനങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ചുരുക്കത്തില്‍ കക്ഷിരാഷ്ട്രീയം പരാജയപ്പെടുന്നിടത്ത് ജനങ്ങള്‍ സംഘടിച്ച് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങി.
ചിപ്‌കോ പ്രസ്ഥാനവും ദലിത് പാന്തേഴ്‌സും ഭാരതീയ കിസാന്‍ യൂനിയനും മത്സ്യതൊഴിലാളി ഫോറവും ചാരായ വിരുദ്ധ പ്രസ്ഥാനവും സര്‍ദാര്‍ സരോവര്‍ പദ്ധതിയുമെല്ലാം ജനകീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുള്‍പ്പെടെയുള്ള പാര്‍ശ്വ വല്‍കൃത ജന സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പോരാട്ടങ്ങളുടെയും കഥയാണ്. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ സ്ത്രീകള്‍ ചാരായ വിരുദ്ധ പ്രസ്ഥാനം നയിച്ച് വിജയം നേടിയത് ഭരണഘടനയുടെ 73, 74 ഭേദഗതിയിലേക്ക് പഞ്ചായത്ത് രാജില്‍ സ്ത്രീകള്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതിലേക്കുപോലും നയിച്ചു.വിലക്കപ്പെട്ടതല്ലാത്ത ഏത് വിവരവും രാജ്യത്തെ പൗരന്മാര്‍ക്ക് അറിയാനുള്ള സാഹചര്യം 2005 ലെ ബില്ലില്‍ ഉണ്ടായിരുന്നു. വോട്ടവകാശത്തേക്കാള്‍ ജനാധിപത്യ മുന്നേറ്റത്തിലെ ഒരു നാഴികക്കല്ലായിരുന്നു 2005ല്‍ യു.പി.എ ഗവണ്‍മെന്റ് കൊണ്ടുവന്ന വിവരാവകാശ നിയമം. പുതിയ ഭേദഗതിയിലൂടെ ഇപ്പോള്‍ നേര്‍പ്പിച്ചെടുത്ത വിവരാവകാശ നിയമം 2005ലെ നിയമത്തിന്റെ പ്രേതം മാത്രമായിമാറിയിരിക്കയാണ്. പുതിയ നിയമമനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു സര്‍ക്കാര്‍ വകുപ്പുമാത്രമാണ് വിവരാവകാശ കമ്മീഷന്‍.
വിവരാവകാശ കമ്മീഷനുണ്ടായിരുന്ന അധികാരവും വ്യാപ്തിയും സുതാര്യതയും പൂര്‍ണമായി ഇല്ലാതായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതേ പ്രാധാന്യവും അധികാരവുമുണ്ടായിരുന്ന വിവരാവകാശ കമ്മീഷന്‍ ഇന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇംഗിതത്തിനനുസരിച്ച് മാത്രം ചലിക്കുന്ന ഒരു നോക്കുകുത്തിയാണ്. 32000ല്‍ പരം വിവരാന്വേഷണ അപേക്ഷകള്‍ മറുപടി കാത്ത് കിടക്കുകയും, വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കാതിരിക്കുകയും ചെയ്യുക വഴി ബി.ജെ.പി ഗവണ്‍മെന്റ് നല്‍കുന്ന സന്ദേശം വ്യക്തമാണ്.
ഒരു വെടിക്ക് രണ്ട് പക്ഷിയെ നേടാന്‍ ഈ ബില്ലവതരണത്തിലൂടെ ബി. ജെ.പിക്ക് കഴിഞ്ഞു. ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യതയടക്കം ചര്‍ച്ചയായ സാഹചര്യത്തില്‍ തങ്ങളാഗ്രഹിക്കും വിധം വിവരാവകാശ നിയമത്തെ പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്നതും 2019 മുതല്‍ രാജ്യസഭയില്‍ ആദ്യമായി ഒരു ബില്ല് വിജയിപ്പിച്ചെടുക്കുകയെന്നതുമാണത്.
പാര്‍ലമെന്റില്‍ ബില്ലവതരണത്തിന് വ്യക്തമായ ചിട്ടവട്ടങ്ങളുണ്ട്. ഒന്നും രണ്ടും മൂന്നും വായനകളും ഇതിനിടയില്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റികളുടെ പരിശോധനയും തുറന്ന ചര്‍ച്ചയും രണ്ട് സഭകളിലും വേണം. ആദ്യം ചര്‍ച്ച നടത്തിയ സഭയില്‍ പാസാക്കിയ ശേഷം അടുത്ത സഭയിലും അതേ രീതിയിലൂടെ കടത്തിവിടുന്ന അസംസ്‌കൃത ബില്ലുകള്‍ കുറ്റവിമുക്തമായി സംസ്‌കരിച്ച് പുറത്ത് വന്നതിന് ശേഷമാണ് രാഷ്ട്രപതി ഒപ്പിടേണ്ടത്.
പക്ഷെ വിവരാവകാശ ബില്ലില്‍ തുടങ്ങി, പുതിയ ബില്ലുകളായ മുത്വലാഖ്, യു.എ.പി.എ ബില്ലുകള്‍ ഒന്നൊന്നായി എളുപ്പത്തില്‍ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യമാണ്. 370ാം വകുപ്പ് റദ്ദ് ചെയ്ത് കാശ്മിരിനെ അപനിര്‍മിച്ചതില്‍ ബി.ജെ.പിയുടെ മാനേജ്‌മെന്റ് മിടുക്കിന്റെ ഹാട്രിക് വിജയം കണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഇനിയും ഇന്ത്യയെ കുറിച്ച് പറയാമോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം.വിവരാവകാശ കമ്മീഷന് ഭരണഘടനാ സ്ഥാപനത്തിന്റെ പദവികൊടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനും ലോക്പാലിനും ഭരണഘടനാ സംവിധാനത്തിനു തുല്യമായ പദവി നല്‍കിയിട്ടുമുണ്ട്. പൊതുസ്ഥാപനങ്ങള്‍ സുതാര്യതയോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുവാന്‍ വിവരാവകാശ കമ്മീഷന്റെ നിലനില്‍പ്പ് ആവശ്യമാണ്. കേവലം വിവരം അറിയുന്നതിനേക്കാള്‍ അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള ജനങ്ങളുടെ ഏക മാര്‍ഗമായിരുന്നു ഇത്. പുതിയ ഭേദഗതിയനുസരിച്ച് കേന്ദ്രസംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും ശമ്പളവും ഇനി തീരുമാനിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റായിരിക്കും.
മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണര്‍മാരെയും തീരുമാനിക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ഒരു കാബിനറ്റ് മന്ത്രി, എന്നിവരടങ്ങിയ പാനലാണ്. സംസ്ഥാന വിവരാവകാശ കമ്മീഷനെ നിയമിക്കാന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരു സംസ്ഥാന മന്ത്രിയടങ്ങുന്ന പാനലിനുമാണ് അധികാരം. 2005 ലെ നിയമമനുസരിച്ച് 5 വര്‍ഷമോ 65 വയസ്സോ ആണ് കാലാവധിയെങ്കില്‍ പുതിയ ഭേദഗതി പ്രകാരം കാലാവധി ഇനി സര്‍ക്കാരിന് തീരുമാനിക്കാം. ഒന്നിലേറെ തവണ ഒരാളെ തന്നെ നിയമിക്കാമെന്നതും ശ്രദ്ധേയമാണ്. ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ ജനാധിപത്യം കരുതിപ്പോന്ന വിവരാവകാശ നിയമവും മരണം കാത്തുകിടക്കുന്ന ദയനീയ കാഴ്ച ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."