ദലിത്-ആദിവാസി പ്രതിരോധത്തിനായി ദേശീയമുന്നണിക്ക് രൂപം നല്‍കും
കൊച്ചി: ദലിത്-ആദിവാസി പ്രതിരോധത്തിനായി ദേശീയമുന്നണിക്ക് രൂപം നല്കുമെന്നു ദലിത്-ആദിവാസി പൗരാവകാശ സമിതി. സമിതിയുടെ നയപ്രഖ്യാപന പരിപാടി ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ 10ന് എറണാകുളം അധ്യാപകഭവനില്‍ സംസ്ഥാന നേതൃക്യാംപ് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ ദലിത്പ്രശ്നങ്ങള് ദേശീയതലത്തില്‍ എത്തിക്കാന്‍ സമിതി മുന്‍കൈയെടുക്കും.
പുറമ്പോക്കില്‍ നിന്നു പൊതുഇടത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഭൂമി, പാര്‍പ്പിടം, അന്തസായി ജീവിക്കാനുള്ള ഉപജീവനോപാധി എന്നീ ആവശ്യങ്ങള്‍ക്കായുള്ള കാംപെയിനിന് സമിതി നേതൃത്വം നല്‍കും.
ഗോസംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്കെതിരേ അക്രമം അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരനായി മാറുകയാണ്. കേരളത്തിലും ദലിത് അതിക്രമങ്ങളില്‍ പരിഹാരം അകലെയാണ്.
ജിഷയുടെ കേസിലെ ദുരൂഹതകള്‍ തള്ളിക്കൊണ്ട് കുറ്റപത്രം നല്കി ഒരു പ്രതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ്. 300 ഓളം ദലിത് കൊലപാതകകേസുകള്‍ ശാസ്ത്രീയമായ അന്വേഷണം ഇല്ലാതെ കേരളത്തില്‍ നിലനില്‍ക്കുകയാണ്. 20ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടുപടിക്കല്‍ നിന്നു 10 മണിക്ക് പദയാത്ര നടത്തി മൂന്നുമണിക്ക് പെരുമ്പാവൂര്‍ ടൗണില്‍ പ്രക്ഷോഭ കണ്വന്ഷന് സംഘടിപ്പിക്കും.
പൗരാവകാശ സമിതി രക്ഷാധികാരി അഡ്വ. കെ.കെ.നാരായണന്, ജനറല്‍ കണ്‍വീനര്‍ എം.ഗീതാനന്ദന്, എം.എന്‍.ഗിരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."